വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വടകര കുട്ടോത്ത്‌ ഷാഫി പറമ്പിലിന്റെ ചിത്രമുള്ള പസില്‍ കാര്‍ഡ്‌ വിതരണം ചെയ്തതായി പരാതി; ഇലക്ഷന്‍ ഫ്‌ളയിങ്ങ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി


വടകര: കുട്ടോത്ത് വോട്ടര്‍മാരെ സ്വാധിനീക്കാന്‍ വീടുകളില്‍ യുഡിഎഫ് ഷാഫി പറമ്പിലിന്റെ ചിത്രമുള്ള പസില്‍ കാര്‍ഡ്‌
(Puzzle card) വിതരണം ചെയ്തതായി പരാതി. കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ കാര്‍ഡ്‌ വിതരണം ചെയ്തത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പ്രദേശത്തെ ചിലര്‍ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ ഇലക്ഷന്‍ ഫ്‌ളയിങ്ങ് സ്‌ക്വാഡ് കുട്ടോത്ത് എത്തി പരിശോധന നടത്തി. പരിശോധനയില്‍ യുഡിഎഫ് പ്രവര്‍ത്തകരുടെ കൈയില്‍ നിന്നും കാര്‍ഡ്‌ കണ്ടെത്തി.

കാര്‍ഡിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ യുഡിഎഫ് മണ്ഡലം കമ്മിറ്റിയാണ് തന്നതെന്ന് പ്രവര്‍ത്തകര്‍ സമ്മതിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള പാരിതോക്ഷികവും നല്‍കാന്‍ പാടില്ലെന്ന
ചട്ടം ലംഘിച്ചാണ് യുഡിഎഫ് ഇത്തരത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കാര്‍ഡ്‌ വിതരണം ചെയ്തിരിക്കുന്നത്.

പസില്‍ കാര്‍ഡ് കുട്ടികള്‍ക്ക് വിതരണം ചെയ്ത് അതിലൂടെ വോട്ടര്‍മാരെ സ്വാധിനിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നാണ്‌ ഉയര്‍ന്നുവരുന്ന ആരോപണം. പ്രദേശത്തെ 350ഓളം വീടുകളില്‍ ഇത്തരത്തില്‍ വിതരണം ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.