കുറ്റ്യാടിയില്‍ ഓട്ടോഡ്രൈവറെ നാലംഗസംഘം വധിക്കാന്‍ ശ്രമിച്ചതായി പരാതി; കൈവശമുണ്ടായിരുന്ന വിലപ്പെട്ട രേഖകളും പണവും കവര്‍ന്നു


കുറ്റ്യാടി: യാത്രയ്ക്കായി ഓട്ടോയില്‍ കയറിയ സംഘം ഓട്ടോറിക്ഷാഡ്രൈവറെ വധിക്കാന്‍ ശ്രമിച്ചതായി പരാതി. പൈക്കളങ്ങാടി കറുപ്പയില്‍ മൊയ്തു(48) വിനെയാണ് നാലംഗസംഘം മര്‍ദിക്കുകയും തുടര്‍ന്ന് വാളുപയോഗിച്ച് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തത്.

ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. കൈവശമുണ്ടായിരുന്ന വാച്ച്, ലൈസന്‍സ്, ആധാര്‍കാര്‍ഡ്, മൊബൈല്‍ ഫോണ്‍, മറ്റൊരാള്‍ ഏല്‍പ്പിച്ച 54,000 രൂപ എന്നിവ അക്രമികള്‍ കൊണ്ടുപോയതായും പരാതിയില്‍ പറയുന്നു.

പൈക്കളങ്ങാടിയില്‍നിന്ന് മൊയ്തുവിന്റെ ഓട്ടോ രണ്ടാളുകള്‍ ചേര്‍ന്ന് ഓട്ടംവിളിച്ചു. പെരുവണ്ണാമൂഴി ഭാഗത്ത് തങ്ങളുടെ വാഹനം കേടായിക്കിടക്കുകയാണെന്നും അവിടേക്കുപോകണമെന്നും ആവശ്യപ്പെട്ടു. ജാനകിക്കാട് ചവറംമൂഴി റോഡില്‍ എത്തിയപ്പോള്‍ ഇവര്‍ മൊയ്തുവിനെ ആക്രമിക്കുകയായിരുന്നു. തോളിലും നെഞ്ചിലുമാണ് മര്‍ദനമേറ്റത്. പ്രാണരക്ഷാര്‍ഥം പുറത്തേക്ക് ഓടുന്നതിനിടയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍നിന്ന് ഒരാള്‍ പുറത്തിറങ്ങി വാളുകൊണ്ട് വെട്ടാന്‍ ശ്രമിച്ചെന്നും മൊയ്തു പറഞ്ഞു. വെട്ടാന്‍ ശ്രമിച്ചയാളെ തള്ളിമാറ്റി. തുടര്‍ന്ന്, ഇയാളുമായി മല്‍പ്പിടിത്തവും നടന്നു. ബഹളംകേട്ടെത്തിയ നാട്ടുകാരാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.

കഴുത്തിലും നെഞ്ചിലും പരിക്കേറ്റ മൊയ്തുവിനെ ആദ്യം കുറ്റ്യാടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. അക്രമികളുമായി മുന്‍പരിചയമില്ലെന്നും കണ്ടാല്‍ തിരിച്ചറിയാമെന്നും ഇദ്ദേഹം പറഞ്ഞു. തൊട്ടില്‍പ്പാലം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.