പന്തിരിക്കര സ്വദേശി ഇര്‍ഷാദ് വധക്കേസ്; അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരം


പേരാമ്പ്ര: പന്തിരിക്കര സൂപ്പിക്കട സ്വദേശി ഇര്‍ഷാദിന്റെ കൊലപാതകക്കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുരസ്‌കാരം. സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്.

അന്വേഷണസംഘത്തിന് നേതൃത്വം നല്‍കിയ അന്നത്തെ പേരാമ്പ്ര എസ്.എസ്.പി. ടി.കെ വിഷ്ണുപ്രദീപ്, പെരുവണ്ണാമൂഴി എസ്.ഐ ആര്‍.സി ബിജു, ഗ്രേഡ് എസ്.ഐ കെ അബ്ദുള്‍ ഖാദര്‍, ഗ്രേഡ് എസ്.ഐ. ടി.കെ മനോജ് കുമാര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.

2022 ജൂലായിലായിരുന്നു സംഭവം. വിദേശത്തുനിന്ന് കൊണ്ടുവന്ന സ്വര്‍ണം ലഭിക്കാനായി സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി ഇര്‍ഷാദിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. തട്ടിക്കൊണ്ടുപോയി തടങ്കലില്‍വെച്ച ക്വട്ടേഷന്‍ സംഘാംഗങ്ങളും അവരെ സഹായിച്ചവരും ഉള്‍െപ്പെടെ 12 പേരെയാണ് പോലീസ് അറസ്റ്റുചെയ്തത്.