ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കവറുകളും ഉള്‍പ്പെടെ കത്തിച്ചു; കല്ലാച്ചിയില്‍ ക്വാര്‍ട്ടേഴ്സില്‍ മാലിന്യം കത്തിച്ചതിന് 10,000 രൂപ പിഴചുമത്തി


നാദാപുരം: കല്ലാച്ചിയില്‍ ക്വാര്‍ട്ടേഴ്സില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കത്തിച്ചതിനെതിരേ നടപടിയുമായി നാദാപുരം ഗ്രാമപ്പഞ്ചായത്ത്. കല്ലാച്ചി ടൗണിനടുത്തുളള ഐശ്വര്യ ക്വാര്‍ട്ടേഴ്സിലാണ് ഭക്ഷണാവശിഷ്ടങ്ങളും പേപ്പറുകളും പ്ലാസ്റ്റിക് കവറുകളും ഉള്‍പ്പെടെയുള്ള മാലിന്യം കൂട്ടിയിട്ട് കത്തിച്ചതായി കണ്ടെത്തിയത്.

മാലിന്യങ്ങള്‍ കത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പരിസരവാസികള്‍ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പരിശോധനയില്‍ പരിസരങ്ങളില്‍ മാലിന്യം അലക്ഷ്യമായി തള്ളിയതായും കണ്ടെത്തി. മാലിന്യം അശ്രദ്ധയോടെയും അപകടകരമായും കൈകാര്യം ചെയ്തതിന് കെട്ടിടയുടമകള്‍ക്ക് 10,000 രൂപ പിഴചുമത്തി നോട്ടീസ് നല്‍കി.

35 ഓളം ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട് സ്ഥാപനത്തിന്റെ പരിസരം വൃത്തിഹീനമാണ്. മൂന്നുദിവസത്തിനകം പരിസരം മുഴുവന്‍ ശുചീകരിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നും അല്ലാത്തപക്ഷം മുഴുവന്‍ താമസക്കാരെയും ഗ്രാമപ്പഞ്ചായത്ത് നേരിട്ട് ഒഴിപ്പിച്ച് കെട്ടിടം സീല്‍ചെയ്യുമെന്നും കാണിച്ചുകൊണ്ട് മറ്റൊരു നോട്ടീസും നല്‍കിയിട്ടുണ്ട്.

പരിശോധനയില്‍ അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ സതീഷ് ബാബു ,കെ. സജീവന്‍ എന്നിവര്‍ പങ്കെടുത്തു. മതിയായ മാലിന്യസംസ്‌കരണസംവിധാനങ്ങള്‍ ഇല്ലാത്തകെട്ടിടങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ താമസിപ്പിക്കുന്ന കെട്ടിട ഉടമകള്‍ക്കെതിരേ കര്‍ശന നിയമനടപടിയെടുക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എന്‍ ഷാമില അറിയിച്ചു.