എലത്തൂരിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ഡിപ്പോയിലേക്ക് ഇന്ധനവുമായെത്തിയ ബോഗികളില്‍ തീപിടിത്തം; ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിച്ചില്ലെന്ന ആരോപണവുമായി നാട്ടുകാര്‍


എലത്തൂര്‍: എലത്തൂരിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ ഡിപ്പോയിലേക്ക് ഇന്ധനവുമായെത്തിയ ബോഗികളില്‍ തീപിടിത്തം. ഡിപ്പോയിലെ തീയണയ്ക്കല്‍ സംവിധാനം ഉപയോഗിച്ച് ജീവനക്കാര്‍ തന്നെ തീ കെടുത്തി.

ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. കമ്പനി അധികൃതര്‍ തീപിടിത്തമുണ്ടായ ഉടന്‍ ഫയര്‍സ്റ്റേഷനില്‍ വിവരം അറിയിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. തീ ആളിപ്പടരുന്നതും ഡിപ്പോയിലെ സുരക്ഷാ ജീവനക്കാര്‍ തീയണയ്ക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാരാണ് പൊലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിച്ചത്.

ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഫയര്‍ഫോഴ്സ് എത്തുന്നതിന് മുമ്പ് തന്നെ തീയണച്ചിരുന്നു. തീപിടിച്ച ബോഗി പരിശോധിച്ചെന്നും നിലവില്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഇല്ലെന്നും അഗ്‌നിരക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കൂടുതല്‍ പരിശോധനകള്‍ക്കുശേഷമേ ഇക്കാര്യം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.