ആശ്വാസ വാർത്ത; കരിയാട് നിന്നും കാണാതായ പന്ത്രണ്ടുവയസുകാരനെ കണ്ടെത്തി


പാനൂര്‍: കരിയാട് നിന്നും ഇന്നലെ കാണാതായ പന്ത്രണ്ടുവയസുകാരനെ കണ്ടെത്തി. തലശ്ശേരി ബസ് സ്റ്റാന്റിലെത്തിയ കുട്ടി തിരിച്ച് വീട്ടിലേക്ക് പോകാനായി പോലീസുകാരോട് വഴി ചോദിക്കുകയായിരുന്നു. കരിയാട് നിന്നും കാണാതായ കുട്ടിയെ പോലെ രൂപസാദൃശ്യം തോന്നിയ പോലീസുകാര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് കുട്ടി ആരോടും പറയാതെ വീട്ടില്‍ നിന്നും ഇറങ്ങി വന്നതാണെന്ന് മനസിലായത്.

തുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിച്ചു. തുടര്‍നടപടികള്‍ക്ക് ശേഷം ഇന്നലെ 10മണിയോടെ കുട്ടിയെ തിരിച്ച് വീട്ടില്‍ എത്തിക്കുകയായിരുന്നു.

ഇന്നലെ 3മണി മുതലാണ് കുട്ടിയെ കാണാതായത്‌. കുട്ടി വീടിന് സമീപത്തുള്ള റോഡിലൂടെ നടന്നു പോവുന്ന ദൃശ്യങ്ങള്‍ സമീപത്തെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.