നാദാപുരത്ത് പെണ്ണുകാണാനെത്തിയ ഇരുപത്തിയഞ്ച് പേര്‍ മണിക്കൂറുകളോളം ‘ഇന്റര്‍വ്യൂ’ ചെയ്തു; അവശയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഒടുവില്‍….


നാദാപുരം: പെണ്ണുകാണാനെത്തിയവരുടെ ‘ചോദ്യം ചെയ്യലി’നെ തുടര്‍ന്ന് തളര്‍ന്ന് അവശയായ യുവതിയെ ഒടുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷുഭിതരായ പെണ്‍വീട്ടുകാര്‍ പെണ്ണുകാണല്‍ സംഘത്തിലെ പുരുഷന്മാരെ ബന്ദികളാക്കി. വാണിമേല്‍ ഭൂമിവാതുക്കല്‍ അങ്ങാടിക്കടുത്താണ് സംഭവം.

ഖത്തറിലുള്ള യുവാവിന് വേണ്ടിയായിരുന്നു വിവാഹാലോചന. ചെറുക്കനും സഹോദരങ്ങളും രണ്ട് ദിവസം മുമ്പ് വീട്ടിലെത്തി പെണ്‍കുട്ടിയെ കണ്ട് ഇഷ്ടമായിരുന്നു. തുടര്‍ന്നാണ് ഇരുപത്തിയഞ്ച് സ്ത്രീകള്‍ അടങ്ങുന്ന സംഘം വെള്ളിയാഴ്ച പെണ്‍വീട്ടിലെത്തിയത്.

സ്ത്രീകള്‍ എല്ലാവരും പെണ്‍കുട്ടിയുമായി മുറിയില്‍ കയറി വാതിലടച്ചാണ് ‘ഇന്റര്‍വ്യൂ’ നടത്തിയത്. ബിരുദവിദ്യാര്‍ത്ഥിനിയായ യുവതിയെ ഇവര്‍ ഒരു മണിക്കൂറിലേറെ ‘ചോദ്യം ചെയ്തു’. ഇതോടെ പെണ്‍കുട്ടി അവശയായി.

തുടര്‍ന്ന് വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച ശേഷം ചെറുക്കന്റെ വീട്ടുകാര്‍ ഒന്നുകൂടി ആലോചിക്കണമെന്ന് പറഞ്ഞതോടെ രംഗം വഷളായി. യുവാവിന്റെ ബന്ധുക്കളുടെ നിലപാടും മകളുടെ അവസ്ഥയും കണ്ടതോടെ ഗൃഹനാഥന്‍ സംഘത്തിലുള്ളവര്‍ക്കെതിരേ രംഗത്തെത്തി.

ആരെയും പുറത്തുവിടില്ലെന്ന് പറഞ്ഞ അദ്ദേഹം വീടിന്റെ ഗേറ്റടച്ചു. സ്ത്രീകള്‍ ഭയപ്പെട്ടതോടെ നാട്ടുകാരുടെ അഭിപ്രായം പരിഗണിച്ച് അവരെ വിട്ടയച്ചു. ഒപ്പമുണ്ടായിരുന്നു രണ്ടു പുരുഷന്‍മാരെ രണ്ടു മണിക്കൂറോളം വീട്ടില്‍ ബന്ദിയാക്കി. സംഘമെത്തിയ കാറുകളില്‍ ഒന്ന് വിട്ടുകൊടുത്തില്ല. പ്രശ്‌നപരിഹാരത്തിന് രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

പെണ്ണുകാണല്‍ ചടങ്ങിന്റെ പേരില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കണമെന്ന ഉദ്ദേശ്യത്തിലാണ് കടുത്ത നടപടിയിലേക്ക് നീങ്ങേണ്ടി വന്നതെന്നാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ വിശദീകരണം. ഇദ്ദേഹവും പ്രവാസിയാണ്.