നാല്‍പതോളം സ്‌ക്കൂളുകളില്‍ നിന്നും 250തിലധികം വിദ്യാര്‍ത്ഥികള്‍; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മേപ്പയിൽ ഐപിഎം അക്കാദമിയിലെ വോളി സമ്മർ ക്യാമ്പ്


വടകര: കഴിഞ്ഞ ഒരു മാസമായി മേപ്പയിൽ ഐപിഎം അക്കാദമി ക്യാമ്പസില്‍ നടന്നു വന്ന വോളി സമ്മർ ക്യാമ്പ് അവസാനിച്ചു. വാർഡ് കൗൺസിലർ എ.പി പ്രജിത ഉദ്‌ഘാടനം ചെയ്തു. നാല്‍പതോളം സ്കൂളുകളിൽ നിന്നും നാമനിർദേശം ചെയ്യപ്പെട്ട 240 ഓളം കുട്ടികൾക്കു പരിശീലനം പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റുകൾ ചടങ്ങില്‍ വിതരണം ചെയ്തു.

മുൻ അന്താരാഷ്ട്ര താരമായ ബിഎസ്എഫ് ഡെപ്യൂട്ടി കമാന്റന്റ് റോയ് ജോസഫ് മുഖ്യാതിയായിരുന്നു. ഐപിഎം ട്രസ്റ്റ് ചെയർമാൻ നരേന്ദ്രൻ കൊടുവട്ടാട്ട് 2023ന്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

സമ്മർ ക്യാമ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത റെഗുലർ ബാച്ചിലേക്കും സീനിയർ എലൈറ്റ് ബാച്ചിലേക്കും അഡ്മിഷൻ ഉടനെ നടക്കും. ഇങ്ങനെ തിരഞ്ഞെടുക്കുന്ന എല്ലാ കുട്ടികൾക്കും സൗജന്യമായി അടുത്ത വർഷത്തെ കോച്ചിങ് നല്‍കും. എലൈറ്റ് ബാച്ചിലെ കുട്ടികൾക്ക് പ്രത്യേകം സിലബസിലുള്ള കോച്ചിങ് കൊടുക്കും, വിദ്യാഭാസവും ഹോസ്റ്റലും ഭക്ഷണവും, കിറ്റും എല്ലാം സൗജന്യമായിരിക്കുമെന്ന്‌ അക്കാദമി അധികൃതർ അറിയിച്ചു.

വടകരയിലെ പ്രമുഖ വോളി സംഘാടകരും മുൻ താരങ്ങളും ആയ ഞെരളത്തു രവീന്ദ്രൻ (മുൻ പോലീസ് താരം), സി.വി വിജയൻ, വിദ്യാസാഗർ, മൂസ നാസർ, എ കെ രാധാകൃഷ്ണൻ (എസ് എൻ കോളേജ് പ്രിൻസിപ്പൽ), ശശിധരൻ എന്നിവർ സംസാരിച്ചു. രഞ്ജുമോൻ കേളോത്ത് അധ്യക്ഷത വഹിച്ചു. നരേന്ദ്രൻ കൊടുവട്ടാട്ട് സ്വാഗതവും ഷീജിത് വി എം നന്ദിയും പറഞ്ഞു.