സംസ്ഥാന യൂത്ത് പുരുഷ – വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 23ന്; വടകരയില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്‌


വടകര: 39-മത് സംസ്ഥാന യൂത്ത് പുരുഷ- വനിതാ വോളിബോള്‍ നോര്‍ത്ത് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ 23ന് വടകര മുനിസിപ്പല്‍ പാര്‍ക്കിന് സമീപത്തുള്ള ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം എല്‍പി സ്‌ക്കൂളിലെ ഫ്‌ളഡ്‌ലിറ്റ് സ്‌റ്റേഡിയത്തില്‍ നടക്കും. യുഎല്‍സിസിഎസ് ചെയര്‍മാന്‍ പാലേരി രമേശന്‍ ഉദ്ഘാടനം ചെയ്യും.

23,24 തീയതികളില്‍ നോര്‍ത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പും 25,26 തീയതികളില്‍ സൂപ്പര്‍ സോണല്‍ മത്സരങ്ങളും നടക്കുന്നതായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നോര്‍ത്ത് സോണല്‍ മത്സരങ്ങള്‍ നോക്കൗട്ട് അടിസ്ഥാനത്തിലും സൂപ്പര്‍ സോണില്‍ മത്സരങ്ങള്‍ ലീഗ് അടിസ്ഥാനത്തിലുമാണ് നടക്കുക.

25ന് ആരംഭിക്കുന്ന സൂപ്പര്‍ സോണ്‍ വോളി ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം മുന്‍ ഇന്റര്‍നാഷണല്‍ വോളി താരം ജോബി ജോസഫ് നിര്‍വ്വഹിക്കും. 26ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി സി സത്യന്‍ ജേതാക്കള്‍ക്ക് ട്രോഫികള്‍ നല്‍കും.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ വോളിബോള്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രാഘവന്‍ മാണിക്കോത്ത്, വൈസ് പ്രസിഡന്റ് ടി.പി മുസ്തഫ, സി.വി വിജയന്‍, സി.വി അനീഷ്, എം.കെ ഹരീഷ് എന്നിവര്‍ പങ്കെടുത്തു.