ആഹ്ലാദ പ്രകടനം പോലീസിനെ മുൻകൂട്ടി അറിയിച്ചതിന്‌ ശേഷം മാത്രം; ചോറോട് ഗ്രാമ പഞ്ചായത്തില്‍ ജനപ്രതിനിധി – സർവ്വകക്ഷി യോഗം


കൈനാട്ടി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ചോറോട് ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ചന്ദ്രശേഖരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

വടകര പോലീസ് ഇൻസ്പെക്ടർ സുമേഷ് ടി.പി നിർദേശങ്ങൾ അവതരിപ്പിച്ചു. പൊതുസ്ഥലങ്ങളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും സ്ഥാപിച്ച പ്രചരണ സാമഗ്രികൾ മെയ് 20ന് മുമ്പ് നീക്കം ചെയ്യാനും, പോലീസിനെ മുൻകൂട്ടി അറിയിച്ച് കൊണ്ട് റൂട്ട് മാപ്പ് തയ്യാറാക്കി രാഷ്ടിയ നേതാക്കളുടെ നേതൃത്വത്തിൽ പ്രകടനം നടത്താനും യോഗത്തില്‍ തീരുമാനമായി. ഒപ്പം മണ്ഡലത്തിൽ ജയിച്ചവർ മാത്രമേ ജൂൺ 4ന് ആഹ്ലാദ പ്രകടനം നടത്തുവാൻ പാടുള്ളൂവെന്നും, തെരഞ്ഞെടുപ്പിൽ ജയിക്കുന്ന മുന്നണി ജൂൺ 5ാം തിയ്യതി അഹ്ലാദ പ്രകടനം നടത്താനും തീരുമാനമായി.

പഞ്ചായത്ത് സെക്രട്ടറി നിഷ എൻ തയ്യിൽ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.എം രാജൻ, രാജേഷ് ചോറോട്, ഇസ്മയിൽ മാസ്റ്റർ പി, പ്രസാദ് വിലങ്ങിൽ, ശ്രീധരൻ സി.പി, അബൂബക്കർ, കെ.വി മോഹൻദാസ്, കെ.കെ സദാശിവൻ. പഞ്ചായത്ത് അംഗം വി.പി അബൂബക്കർ എന്നിവർ പ്രസംഗിച്ചു.