”ഓന്‍ ആഗ്രഹിച്ച് നേടിയ ജോലിയായിരുന്നു, എന്ത് ചെയ്യാനാ, വല്ലാത്ത സങ്കടായിപോയി”; സൈനിക പരിശീലനത്തിനിടെ മരിച്ച മടപ്പള്ളി സ്വദേശി വൈഷ്ണവിന് നാടിന്റെ യാത്രാമൊഴി


മടപ്പള്ളി: കരസേനയുടെ യൂണിഫോമില്‍ ചിരിച്ച് നില്‍ക്കുന്ന മകനെ കാണാനായിരുന്നു മടപ്പള്ളി കുന്നിനാംപുറത്ത് സുരേന്ദ്രന്‍ ഇത്രേംകാലം കാത്തുനിന്നത്. എന്നാല്‍ വിധി മറ്റൊന്നായിരുന്നു ആ അച്ഛനെ കാത്തുനിന്നത്. ലക്‌നൗവിലെ കരസേന ട്രെയിനിങ്ങ് സെന്ററിലെ പരിശീലനത്തിനിടെ കുഴഞ്ഞു വീണു മരിച്ച വൈഷ്ണവിന്റെ മരണം ഇപ്പോഴും ഉള്‍ക്കൊള്ളന്‍ അവന്റെ കുടുംബത്തിന് കഴിഞ്ഞിട്ടില്ല.

പത്താംക്ലാസ് മുതല്‍ സേനയുടെ ഭാഗമാകാന്‍ അതിയായ ആഗ്രഹിച്ചിരുന്ന വൈഷ്ണവ് നിരന്തരം അതിനായി ശ്രമങ്ങള്‍ നടത്തിയിരുന്നു. അവസാനം ഇക്കഴിഞ്ഞ 23നാണ് ജോലിയില്‍ പ്രവേശിപ്പിച്ചത്. ആഗ്രഹിച്ച ജോലി നേടിയെടുത്ത സന്തോഷത്താലാണ് കഴിഞ്ഞ മാസം വൈഷ്ണവ് ലക്‌നൗവിലേക്ക് വണ്ടി കയറിയത്. എന്നാല്‍ നിനച്ചിരിക്കാതെ വന്ന മരണം മടപ്പള്ളി എന്ന നാടിനെയും ഒരുപോലെ സങ്കടപ്പെടുത്തിയിരിക്കുകയാണ്.

”ഓന്‍ ആഗ്രഹിച്ച് നേടിയ ജോലിയായിരുന്നു, എന്ത് ചെയ്യാനാ, വല്ലാത്ത സങ്കടായിപോയി, വീട്ടുകാര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് വിഷമമെന്നാണ് വൈഷ്ണവിനെക്കുറിച്ച് വാര്‍ഡ് മെമ്പര്‍ യു.എം സുരേന്ദ്രന്‍ വടകര ഡോട് ന്യൂസിനോട് പറഞ്ഞത്‌.

രാവിലെ 10മണിക്ക് വീട്ടുവളപ്പില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. വൈഷ്ണവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ നൂറുകണക്കിന് പേരാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. എസ്എഫ്ഐ വെള്ളികുളങ്ങര ലോക്കല്‍ സെക്രട്ടറിയും റെഡ് വളണ്ടിയറുമായിരുന്നു വൈഷ്ണവ്. അച്ഛന്‍: സുരേന്ദ്രന്‍. അമ്മ: വാസന്തി. സഹോദരന്‍: യാഷിന്‍.