വിളക്കുകാലുകൾ തകർത്തു, ആളുകൾക്ക് പിന്നാലെ ഓടി; കൊയിലാണ്ടി വിയ്യൂർ ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ദൃശ്യങ്ങൾ വടകര ഡോട് ന്യൂസിന്


ഞായറാഴ്ച രാത്രി 11:45 ഓടെയാണ് സംഭവം. എഴുന്നള്ളിച്ച ശേഷം ക്ഷേത്രനടയിൽ നിന്ന് പുറത്തിറങ്ങവെയാണ് പാക്കത്ത് ശ്രീക്കുട്ടൻ എന്ന കൊമ്പനാന ആക്രമ സക്തനാവുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.  ഇടഞ്ഞ ആന പാപ്പാനെ തട്ടിത്തെറിപ്പിച്ചു.

അക്രമാസക്തനായ ആന ക്ഷേത്രത്തിന് മുൻവശത്തുണ്ടായിരുന്ന പ്രധാന ഭണ്ഡാരം ഇളക്കിയെടുത്ത ആന അത് കുളത്തിന് സമീപത്തേക്ക് വലിച്ചെറിഞ്ഞു. മതിലിൽ സ്ഥാപിച്ച വിളക്കുകാലുകളും ആന തകർത്തു.

അനുനയിപ്പിക്കാൻ ശ്രമിക്കുന്ന പാപ്പാന്മാർക്കു നേരെ കണ്ണിൽ കണ്ട സാധനങ്ങൾ വലിച്ചെറിഞ്ഞ് പ്രതിരോധം തീര്‍ത്ത കൊമ്പനെ ഇടഞ്ഞ് ഏറെ മണിക്കൂറുകള്‍ക്ക് ശേഷവും തളയ്ക്കാന്‍ സാധിച്ചിരുന്നില്ല.

വടകര ഡിവെെഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം, കൊയിലാണ്ടി തഹസിൽദാർ സി പി മണി, കൊയിലാണ്ടി ഫയർഫോഴ്സ് എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയും ആനയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഒരു അനുനയശ്രമങ്ങള്‍ക്കും വഴങ്ങാതിരുന്ന ആനയെ ഒടുവില്‍ കുന്നംകുളത്ത് നിന്നും കണ്ണൂര് നിന്നും എലിഫന്റ് സ്ക്വാഡ് എത്തി തിങ്കളാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് തളച്ചത്. സംഭവത്തില്‍ ആളപായമൊന്നുമില്ല.