വടകര ഇനി മാലിന്യ മുക്ത വലിച്ചെറിയൽ രഹിത നഗരസഭ


 

വടകര: മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തിൽ വടകര നഗരസഭ ഹരിത സഭ ചേരുകയും വടകര നഗരസഭയെ മാലിന്യ മുക്ത വലിച്ചെറിയൽ രഹിത നഗരസഭയായി പ്രഖ്യാപിക്കുകയും ചെയ്തു. കാലത്ത് 10 മണിയ്ക്ക് നാരായണ നഗരം തിരുവള്ളൂർ റോഡിൽ പാതയോരത്ത് ഒരു മരം പദ്ധതിയുടെ ഭാഗമായി വൃക്ഷതൈ നട്ട് കൊണ്ട് പരിപാടിയ്ക്ക് തുടക്കം കുറിച്ചു.

തുടർന്ന് ഉച്ചയ്ക്ക് 2 മണിയോടെ 450 പേർ പങ്കെടുത്ത് കൊണ്ട് ഹരിത സഭ ചേരുകയും, 57 സാനിറ്ററി വർക്കർമാരെയും 69 ഹരിത കർമ്മ സേനാ പ്രവർത്തകരെ ആദരിക്കുകയും ചെയ്തു. ശേഷം ഗ്രൂപ്പ് തിരിഞ്ഞ് ചർച്ചയും അവസ്ഥ വിശകലനവും പ്രവർത്തന പുരോഗതി, വെല്ലുവിളികൾ, തടസ്സങ്ങൾ, സ്വീകരിച്ച നടപടികൾ, ഫലപ്രാപ്തി, തുടർ നടപടി, നിർദ്ദേശങ്ങൾ എന്നിവ ചർച്ച ചെയ്തു. തുടര്‍ന്നായിരുന്നു വടകരയെ സമ്പൂർണ്ണ മാലിന്യ മുക്ത വലിച്ചെറിയൽ രഹിത നഗരസഭയായി അംഗീകരിച്ചത്.

നഗരസഭ വൈസ് ചെയർമാൻ ശ്രീ.പി സജീവ് കുമാറിന്റെ അധ്യക്ഷതയിൽ ബഹു: ചെയർപേഴ്സൺ ശ്രീമതി കെ.പി ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. വടകര നഗരസഭ പ്രവർത്തന പുരോഗതി റിപ്പോർട്ട് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി: എ.പി പ്രജിത അവതരിപ്പിച്ചു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ: സുബൈർ എം.കെ പരിസ്ഥിതി ദിന സന്ദേശം വായിച്ചു.

ഹരിത കർമ്മ സേനാ സെക്രട്ടറി ശ്രീമതി: അനില ഹരിത കർമ്മ സേനാ പ്രവർത്തനം അവതരിപ്പിച്ചു. നഗരസഭാ സെക്രട്ടറി ശ്രീ: കെ.ഹരീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വിവിധ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാർ ആശംസ അർപ്പിച്ചു സംസാരിച്ചു. 4 അംഗ പാനലും 2 ഗവണ്‍മെന്റ് നിരീക്ഷകരും 10 അംഗ സോഷ്യൽ ഓഡിറ്റർമാരും പരിപാടിയിൽ പങ്കെടുത്തു. ക്ലീന്‍ സിറ്റി മാനേജര്‍ വിന്‍സെന്റ് സി.എ നന്ദി പറഞ്ഞു.