33 സെന്റില്‍ വിരിഞ്ഞ പച്ചത്തുരുത്ത്; ചോറോടിന് മാതൃകയായി ഇന്ദിര ടീച്ചറും സുഭാഷ് ചന്ദ്രബോസും!


ഹരിത കേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയില്‍ താരമായി ചോറോട് ഗ്രാമ പഞ്ചായത്തിലെ ഇന്ദിര ടീച്ചറും ഭര്‍ത്താവ് സുഭാഷ് ചന്ദ്രബോസും. പദ്ധതിയിലെ ശ്രദ്ധേയമായ പച്ചത്തുരുത്താണ് ചോറോട് രയരോത്ത് ബോസ് ആന്റ് ഇന്ദിര പച്ചത്തുരുത്ത്. റിട്ടേയ്ഡ് കാലത്തെ വിരസത മാറ്റാനായി ചെടികള്‍ നട്ടുപ്പിടിപ്പിച്ചു തുടങ്ങിയ ഇന്ദിര ടീച്ചര്‍ക്കും ഭര്‍ത്താവ് സുഭാഷ് ചന്ദ്രബോസിനും കൃഷിയെന്നാല്‍ ഇപ്പോള്‍ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്. ആദ്യമാദ്യം ചെടികള്‍ മാത്രം നട്ടുപ്പിടിപ്പിച്ച ടീച്ചര്‍ പിന്നീട് ഔഷധ സസ്യങ്ങളും പഴവര്‍ഗങ്ങളും തേടിപ്പിടിച്ച് നടുകയായിരുന്നു.

ഏതാണ്ട് 4-5 വര്‍ഷം കൊണ്ടാണ് ഇന്നീ കാണുന്ന രീതിയില്‍ ടീച്ചറും ഭര്‍ത്താവും ചേര്‍ന്ന് വീട് ഒരു പച്ചത്തുരുത്താക്കി മാറ്റിയത്. 33 മൂന്ന് സെന്റിലൊരുക്കിയ കൃഷി ഹരിത കേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയില്‍ ഉള്‍പ്പെട്ടതോടെ ടീച്ചറും ടീച്ചറുടെ കൃഷിയും കേരളമൊട്ടാകെ ശ്രദ്ധ നേടി. ഇന്ന് ബോസ് ആന്റ് ഇന്ദിര എന്ന പച്ചത്തുരുത്ത് കാണാനായി നിരവധി പേരാണ് ദിനം പ്രതി രയരോത്ത് വീട്ടിലേക്ക് എത്തുന്നതെന്നാണ് ടീച്ചര്‍ വടകര ന്യൂസിനോട് പറഞ്ഞത്‌.

ഔഷധ സസ്യങ്ങള്‍ക്കൊപ്പം ആട്, കോഴി, മത്സ്യം തുടങ്ങിയവയും ഇവിടെയുണ്ട്. കായമ്പൂ, ബ്ലാക്ക് ബെറി ജാം, കടചക്ക, രാജാപുളി തുടങ്ങി 100 ലധികം പഴവര്‍ഗങ്ങളും ഇരുനൂറിലധികം ഔഷധ്യ സസ്യങ്ങളും നിറഞ്ഞ പച്ചത്തുരുത്ത് ടീച്ചറും ഭര്‍ത്താവും കൂടിച്ചേര്‍ന്നാണ് പരിപാലിക്കുന്നത്. മുമ്പ് കൃഷിക്ക് സഹായികളുണ്ടൊയിരുന്നെങ്കിലും അവരുടെ ശ്രദ്ധക്കുറവ് കാരണം ചെടികള്‍ നശിക്കാന്‍ തുടങ്ങിയതോടെ സഹായികളെ ഒഴിവാക്കുകയായിരുന്നുന്നുവെന്നാണ് ടീച്ചര്‍ വടകര ന്യൂസിനോട് പറഞ്ഞത്‌.

ആത്മവിദ്യാ സംഘം എല്‍.പി സ്‌ക്കൂളിലെ അധ്യാപികയായിരുന്നു ഇന്ദിര ടീച്ചര്‍. വടകരയിലെ പ്രശസ്തമായ റാണി, ഗോകുലം പബ്ലിക് തുടങ്ങിയ സ്‌ക്കൂളിലെ അധ്യാപകനായിരുന്ന ഭര്‍ത്താവ് സുഭാഷ് റിട്ടയര്‍മെന്റിന് ശേഷം നിലവില്‍ വക്കീലായി ജോലി ചെയ്യുകയാണ്. പച്ചത്തുരുത്ത് കാണാനായി രയരോത്ത് വീട്ടിലെത്തുന്നവര്‍ക്ക് ടീച്ചര്‍ ചെടികളും കൊടുത്ത് വിടാറുണ്ട്.

കൃഷി കാണാനും പഠിക്കാനും എത്തുന്നവരോട് ടീച്ചര്‍ക്കും ഭര്‍ത്താവിനും സ്‌നേഹം മാത്രമാണുള്ളത്. സന്ദര്‍ശകരായി എത്തുന്നവര്‍ ഇതുവരെയും അവരുടെ കൃഷി നശിപ്പിച്ചിട്ടില്ലെന്നാണ് ടീച്ചര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ആളുകള്‍ വരുന്നതും അവരോട് കൃഷിയെക്കുറിച്ച് സംസാരിക്കുന്നതുമെല്ലാം ടീച്ചര്‍ക്ക് വലിയ സന്തോഷമാണ് നല്‍കുന്നത്. കുടുംബപരമായി വലിയ കൃഷിക്കാരാണ് ഇന്ദിര ടീച്ചര്‍. ചെറുപ്പം മുതല്‍ക്കേ അച്ഛന്‍ വിവിധങ്ങളായ ചെടികള്‍ നടുന്നതും പരിപാലിക്കുന്നതും കണ്ടാണ് ടീച്ചര്‍ വളര്‍ന്നത്.

പ്രദേശിക ജൈവ വൈവിദ്ധ്യ സംരക്ഷണം ലക്ഷ്യമിട്ട് 2019 ജൂണ്‍ 5നായിരുന്നു നവകേരളം പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചത്. പൊതു സ്ഥലങ്ങളുള്‍പ്പെടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങളില്‍ സസ്യങ്ങളും വൃഷങ്ങളും ഉള്‍പ്പെടുത്ത് ചെറു വനത്തിന്റെ മാത്യകകള്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ് പദ്ധതി മുമ്പോട്ട് വെക്കുന്ന പ്രധാന ലക്ഷ്യം.

കോഴിക്കോട് ജില്ലയിലിപ്പോള്‍ 147 പച്ചത്തുരുത്തുകളാണ് നിലവിലുള്ളത്. 131 എണ്ണം പഞ്ചായത്തുകളിലും 16 എണ്ണം മുനിസിപ്പാലിറ്റിയിലുമാണുള്ളത്. ചുരുങ്ങിയത് അരസെന്റ് മുതല്‍ കൂടുതല്‍ വിസ്തൃതിയുള്ള ഭൂമികളാണ് പച്ചത്തുരുത്തകള്‍ക്കായി ഉപയോഗിക്കുന്നത്.

ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തുടക്കമായ പദ്ധതിക്ക് തുടക്കം മുതല്‍ മികച്ച പ്രതികരണമായിരുന്നു ജനങ്ങളുടെ ഭാഗത്ത് നിന്നും ലഭിച്ചത്. തദ്ദശേ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പച്ചത്തുരുത്ത് പദ്ധതി നടപ്പാക്കുന്നത്. കൃഷി വകുപ്പ്, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി, ജൈവ വൈവിധ്യ ബോര്‍ഡ്, പരിസ്ഥിതി സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വനം വകുപ്പിന്റെ സാമുഹ്യവനവത്ക്കരണ വിഭാഗം എന്നിവയുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്തുകള്‍ യഥാര്‍ത്ഥ്യമാക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്റെ ദോഷങ്ങള്‍ കുറയ്ക്കുന്നതിനും ഹരിത ഗൃഹ വാതകങ്ങളുടെ സാന്നിദ്ധ്യം കൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനും പച്ചത്തുരുത്തുകള്‍ വലിയ പങ്കാണ് വഹിക്കുന്നത്.