ഓർക്കാട്ടേരി സിഎച്ച്‌സിയിലെ ഐസൊലേഷൻ വാർഡിന്റെ മേൽക്കൂര തകർന്നു വീണ സംഭവം; ‘തകർച്ച ഭീഷണി നേരിടുന്നത് നിർമ്മാണത്തിൽ ഉണ്ടായ കെടുകാര്യസ്ഥതയും അഴിമതിയും മൂലം’, അടിയന്തിര അന്വേഷണം നടത്തണമെന്ന്‌ കെ.കെ രമ എം.എൽ.എ


വടകര: ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഐസൊലേഷൻ വാർഡിന്റെ മേൽക്കൂര തകർന്നു വീണ സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തണമെന്ന് കെ.കെ രമ എംഎല്‍എ ആവശ്യപ്പെട്ടു. ഐസൊലേഷൻ വാർഡ് സന്ദർശിച്ചതിന്‌ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎല്‍എ.

‘കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എംഎൽഎ ഫണ്ടും, കിഫ്ബിഫണ്ടും ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച വടകര മണ്ഡലത്തിലെ ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഐസൊലോഷൻ വാർഡ് ഉദ്ഘാടനം കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ തകർന്ന് വീഴാൻ തുടങ്ങിയിരിക്കുകയാണ്. ഉദ്ഘാടനം കഴിഞ്ഞ് പ്രവർത്തനയോഗ്യമാകുന്നതിന് മുമ്പ് തന്നെ കെട്ടിടം തകർച്ച ഭീഷണി നേരിടുന്നത് നിർമ്മാണത്തിൽ ഉണ്ടായ കെടുകാര്യസ്ഥതയും അഴിമതിയും മൂലമാണെന്ന് എംഎൽഎ ആരോപിച്ചു.

‘എംഎൽഎ ഫണ്ടും കിഫ്ബി ഫണ്ടും ഉപയോഗിച്ച് 1.62 ലക്ഷം രൂപ മുടക്കിയാണ് ഐസൊലേഷൻ വാർഡ് നിർമ്മിച്ചത്. സംസ്ഥാന സർക്കാർ നേരിട്ടാണ് സംസ്ഥാനത്തുടനീളം നടന്ന ഐസൊലേഷൻ വാർഡുകളുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത്. പ്രവർത്തി നിർവഹണ ഏജൻസിയെയും കരാറുകാരെയും കണ്ടെത്തിയത് സർക്കാർ നേരിട്ടാണ്. തൃശ്ശൂർ ആസ്ഥാനമായിട്ടുള്ള ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയെ ആണ് സർക്കാർ നിർമ്മാണ ചുമതല നേരിട്ട് ഏൽപ്പിച്ചത്. അതുകൊണ്ടുതന്നെ നിർമ്മാണ കരാറിലെ അവ്യക്തതയും സുതാര്യമില്ലായ്മയും നേരത്തെ തന്നെ ചർച്ചയായിരുന്നു. ഗുണ നിലവാരം കുറഞ്ഞ മെറ്റീരിയലുകളും പഴയ ടൈലുകളും ഉപയോഗിച്ചാണ് നിർമ്മാണം നടത്തിയതെന്ന ആരോപണവും നേരത്തെ ഉയർന്നിരുന്നുവെന്ന്’ എംഎല്‍എ പറഞ്ഞു.

‘ഇതു സംബന്ധിച്ച വിശദാംശങ്ങൾ സാങ്കേതിക വിഭാഗം അടിയന്തരമായി പരിശോധിക്കുകയും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണം. കോവിഡ് പ്രതിരോധം എന്ന പേരിൽ ഓരോ എംഎൽഎമാരുടെ ഫണ്ടിൽ നിന്നും നാലു കോടിരൂപ തിരിച്ചെടുത്ത സർക്കാർ, ഇതിൽ ചെറിയ ശതമാനം മാത്രമാണ് അതത് മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾക്കായി വിലയിരുത്തിയത്. ഇതിൽ തന്നെ വലിയ അഴിമതി നടന്നു എന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. ഒരു മഹാമാരിയെ മറയാക്കി വലിയ കൊള്ള നടന്നു എന്ന ആരോപണങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാവുകയാണ് ഐസൊലേഷൻ വാർഡ് നിർമ്മാണമെന്നും എംഎൽഎ കുറ്റപ്പെടുത്തി. സംസ്ഥാനത്തുടനീളം നടന്ന ഈ നിർമ്മാണ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ സർക്കാർ തയ്യാറാവണമെന്ന് എംഎല്‍എ പറഞ്ഞു.

വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം എ.കെ ഗോപാലൻ, ഏറാമല ഗ്രാമപഞ്ചയത്ത് ആരോഗ്യ സ്ഥിരം സമതി ചെയർ പേഴ്സൺ ജസീല വി.കെ, എച്ച് എം സി അംഗം എ.കെ. ബാബു എന്നിവർ എംഎൽഎക്ക് ഒപ്പം സന്ദര്‍ശനത്തില്‍ പങ്കെടുത്തു.