വടകര മേഖലയിലേക്ക് വെള്ളമെത്തുന്ന വലതുകര പ്രധാന കനാലിലേക്ക് ആദ്യം വെള്ളം; കുറ്റ്യാടി ജലസേചനപദ്ധതി കനാല്‍ ഫെബ്രുവരി ആറിന് തുറക്കും


വടകര: കുറ്റ്യാടി ജലസേചനപദ്ധതി കനാല്‍ ഫെബ്രുവരി ആറിന് തുറക്കാന്‍ കളക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പ്രോജക്ട് അഡൈ്വസറി കമ്മിറ്റി യോഗം തീരുമാനിച്ചു. പെരുവണ്ണാമൂഴി ഡാമില്‍നിന്ന് വടകര മേഖലയിലേക്ക് വെള്ളമെത്തിക്കുന്ന വലതുകര പ്രധാന കനാലിലേക്കാണ് ആദ്യം വെള്ളം തുറന്നുവിടുക. കൊയിലാണ്ടി, പേരാമ്പ്ര, കക്കോടി മേഖലയിലേക്ക് വെള്ളമെത്തിക്കുന്ന ഇടതുകര പ്രധാന കനാലിലേക്ക് എട്ടിന് വെള്ളം ഒഴുക്കിവിടും. ഘട്ടംഘട്ടമായി എല്ലാ ബ്രാഞ്ചുകനാലിലും വെള്ളമെത്തും.

യോഗത്തില്‍ കുറ്റ്യാടി ജലസേചനപദ്ധതി എക്സിക്യുട്ടീവ് എന്‍ജിനിയര്‍ യു.കെ ഗിരീഷ് കുമാര്‍ ഇതുവരെ നടന്ന ഒരുക്കങ്ങളെപ്പറ്റിയും ജലവിതരണത്തിനുള്ള പ്ലാനിങ്ങിനെപ്പറ്റിയും റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കമ്മിറ്റി അംഗമായ കെ.കെ രമ എം.എല്‍.എയും പങ്കെടുത്തു.

കഴിഞ്ഞവര്‍ഷം ഫെബുവരി 19നാണ് ഇടതുകര പ്രധാന കനാലിലേക്ക് വെള്ളം തുറന്നുവിട്ടത്. മാര്‍ച്ച് മൂന്നോടെ വടകര താലൂക്കിലേക്ക് വെള്ളമെത്തുന്ന വലതുകര പ്രധാന കനാലും തുറന്നു. 2022ല്‍ ഫെബ്രുവരി 22നാണ് കനാല്‍തുറന്നത്. ചില വര്‍ഷങ്ങളില്‍ ജനുവരിയില്‍ത്തന്നെ കനാല്‍ തുറക്കാറുമുണ്ട്.

ഇത്തവണ തൊഴിലുറപ്പ് പദ്ധതിയില്‍ കനാല്‍ശുചീകരണം നടക്കാത്തതിനാല്‍ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് ശുചീകരണം നടക്കുന്നത്. പരിമിതമായ ഫണ്ടിലാണ് ശുചീകരണം നടന്നത്.