ദേശീയ സംസ്ഥാന മേളകളില്‍ മികവുറ്റ പ്രകടനം; പ്രതിഭകള്‍ക്ക് അനുമോദനവുമായി മേമുണ്ട സ്‌കൂള്‍ ഗ്രാമങ്ങളിലേക്ക്


ചെറുവണ്ണൂര്‍: ദേശീയ സംസ്ഥാന മേളകളില്‍ മികച്ച പ്രകടനം നടത്തിയ പ്രതിഭകള്‍ക്ക് അനുമോദനമേകി. മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും മറ്റ് സ്‌കൂളുകളില്‍ നിന്നും ദേശീയ സംസ്ഥാന മേളകളില്‍ പങ്കെടുത്ത മുയിപ്പോത്ത് പ്രദേശത്തെ പ്രതിഭകളെയാണ് മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അനുമോദിച്ചത്.

മുയിപ്പോത്ത് ടൗണില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ പങ്കെടുത്ത മേമുണ്ട സ്‌കൂളിലെ നജ ഫാത്തിമ, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത മേമുണ്ട സ്‌കൂളിലെ എസ്.ആര്‍ വിനായക്, എം.ഡി നിയ മിര്‍ഷ, ആരാധ്യ എന്നിവരും, എസ്.എന്‍.എച്ച. എസ്.എസ് തിരുവള്ളൂര്‍ സ്‌കൂളിലെ അംന നിയ, പേരാമ്പ്ര ഹൈസ്‌ക്കൂളിലെ ടി.പി സാന്‍വിയ, അഭിരാമി ഗിരീഷ്, മുയിപ്പോത്ത് എം.യു.പി സ്‌കൂളിലെ ധന്‍വിന്‍ കൃഷ്ണ എന്നീ പ്രതിഭകളാണ് അനുമോദന ചടങ്ങില്‍ ആദരവ് ഏറ്റുവാങ്ങിയത്.

ചടങ്ങില്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് അധ്യക്ഷത വഹിച്ചു. മേമുണ്ട സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.കെ ജിതേഷ്, പിടിഎ പ്രസിഡന്റ് എം.വി തോമസ്, വാര്‍ഡ് മെമ്പര്‍ ഷോബിഷ്, എന്‍.ആര്‍ രാഘവന്‍, ടി.എം സുബൈര്‍, സുബൈദ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പിടിഎ എക്‌സിക്യൂട്ടീവ് അംഗം അരുണ്‍രാജ് സ്വാഗതവും അബ്ദുള്‍ സലാം നന്ദിയും പറഞ്ഞു.