മാലിന്യം പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയാനുള്ളതല്ല, മാലിന്യമുക്ത മരുതോങ്കരയ്ക്കായ് ഞങ്ങളുണ്ട്; റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട മാലിന്യത്തിന് ഉടമയെക്കൊണ്ട് പിഴയടപ്പിച്ച് മാതൃകയായ് കുരുന്നുകള്‍


മരുതോങ്കര: റോഡില്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് മാലിന്യം വ്യക്തമായ തെളിവുകളോടെ പഞ്ചായത്ത് സെക്രട്ടറിയെ ഏല്‍പ്പിക്കുകയും അത് ചെയ്തവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്ത് മാതൃകയായി വിദ്യാര്‍ത്ഥികള്‍. മരുതോങ്കര പഞ്ചായത്തിലെ വിദ്യാര്‍ത്ഥികളായ അദ്വൈത്, വേദസ്സ്, അനുദേവ് എന്നിവരാണ് സമൂഹത്തിന് മാതൃകയായത്.

മാലിന്യമുക്ത മരുതോങ്കരക്കായി പഞ്ചായത്തിലെ എല്ലാവിഭാഗം ജനങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ചില സാമൂഹിക ദ്രോഹികള്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് പരിസരം മലിനമാക്കുകയാണ്.

കുറ്റ്യാടിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നയാള്‍ പാംമ്പേഴ്‌സ്, പ്ലാസ്റ്റിക്ക് മറ്റ് മാലിന്യങ്ങള്‍ എന്നിവ റോഡില്‍ വലിച്ചെറിഞ്ഞ് പോവുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കുട്ടികള്‍ ഈ വെയ്റ്റ് കെട്ട് അഴിച്ചു പരിശോധിച്ചു. വ്യക്തമായ തെളിവു സഹിതം ഇത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഏല്‍പ്പിച്ചു. തുടര്‍ന്ന് പഞ്ചായത്തിന്ർറെ നേതൃത്വത്തിൽ മാലിന്യം ഉപേക്ഷിച്ചയാളെ വിളിച്ചു വരുത്തി മാലിന്യം നീക്കം ചെയ്യിക്കുകയും 5000 രൂപ പിഴ അടപ്പിക്കുകയും ചെയ്തു.

സമൂഹത്തിന് മാതൃകയായ പ്രവര്‍ത്തനം നടത്തിയ കുട്ടികളെ ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. 1000 രൂപ സമ്മാനവും നല്‍കി.

തൊട്ടടുത്ത സ്ഥലത്തു നിന്ന് കുറ്റ്യാടിയിലെ മറ്റൊരു സ്ഥാപനത്തിന്റെ വെയിസ്റ്റുകളും ഇതേ പോലെ കണ്ടെടുത്തു. സ്ഥാപനത്തിന് 10000 രൂപ ഫൈന്‍ ചുമത്തി.