തന്റെ തിരക്കഥ സിനിമയാക്കണം, പി.എസ്.സി എഴുതിയെടുക്കണം; സെറിബ്രല്‍ പാള്‍സിക്ക് തളര്‍ത്താനാവാത്ത ലക്ഷ്യങ്ങളിലേക്കുള്ള അഖില്‍ രാജിനെ യാത്ര


വടകര: ഒരു തിരക്കഥ എഴുതിക്കഴിഞ്ഞിട്ടുണ്ട്. മറ്റൊന്നിന്റെ പണിപ്പുരയിലാണ്. അതിനൊപ്പം ഒരു സര്‍ക്കാര്‍ ജോലി നേടുകയെന്ന ലക്ഷ്യത്തിലായുള്ള അക്ഷീണ പരിശ്രമവും. കൂടാതെ വായിക്കാനും സമയം കണ്ടെത്തണം. സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് തന്റെ ലക്ഷ്യങ്ങളിലേക്കുള്ള തിരക്കിട്ട യാത്രയിലാണ് വടകര സ്വദേശി അഖില്‍ രാജ്.

വടകര പുതിയ സ്റ്റാന്‍ഡിനടുത്താണ് അഖില്‍ രാജിന്റെ വീട്. ഔപചാരിക വിദ്യാഭ്യാസം അധികമൊന്നും കിട്ടിയിട്ടില്ല. നഗരസഭയുടെ തുടര്‍ സാക്ഷരത പദ്ധതിയിലൂടെയാണ് ഇരുപതാം വയസ്സില്‍ ഏഴാം ക്ലാസ് തുല്യത പരീക്ഷ പാസായത്. പ്രതിസന്ധിയുടെ പടവുകള്‍ ഓരോന്നായി ചവിട്ടിക്കയറി അഖില്‍ ഇപ്പോള്‍ ബി.എ. സോഷ്യോളജി ഫസ്റ്റ് ക്ലാസോടെ പാസാവുകയും ചെയ്തു.

എഴുത്തിലൂടെയാണ് അഖില്‍ തന്നെ ആവിഷ്‌കരിക്കുന്നത്. മനസ്സ് ഹിരോഷിമയാവുമ്പോള്‍, നക്ഷത്രങ്ങളെ തേടി, മഴ നനയുമ്പോള്‍ എന്നീ മൂന്ന് കവിതാ സമാഹാരങ്ങള്‍ അഖിലിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.

മാതാപിതാക്കളായ രാജന്‍-സരിത ദമ്പതികളുടെ നിരന്തര പ്രോത്സാഹനവും പ്രയത്‌നവും അഖിലിന് എന്നും കൂട്ടായി ഉണ്ടായിരുന്നു.

വായനയാണ് അഖിലിന്റെ പ്രധാന വിനോദം. വീട്ടിലെ ലൈബ്രറിയില്‍ ആയിരത്തോളം പുസ്തകങ്ങളുണ്ട്. എല്ലാ കഥകളും വായിക്കുമെങ്കിലും ടി. പത്മനാഭനാണ് പ്രിയപ്പെട്ട കഥാകാരനെന്ന് അഖില്‍ പറയുന്നു. കവിത മാത്രമല്ല, തിരക്കഥയെഴുത്തും അഖിലിന് വഴങ്ങും. താനെഴുതിയ ഒരു തിരക്കഥ സംവിധായകന്‍ സത്യന്‍ ആന്തിക്കാടിന് നല്‍കിയിട്ടുണ്ടെന്ന് അഖില്‍ രാജ് പറയുന്നു. മറ്റൊരു തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്.

ഇതിനൊക്കെ ഇടയിലും ഒരു ജോലി നേടുക എന്ന ലക്ഷ്യത്തിലേക്കുള്ള നിരന്തര പരിശ്രമവും അഖില്‍ നടത്തുന്നുണ്ട്. വടകരയിലെ സ്വകാര്യ സ്ഥാപനത്തില്‍ ചേര്‍ന്ന് പി.എസ്.സി പഠനം തുടരുന്ന അഖില്‍ പി.എസ്.സി. പ്രിലിമിനറി എഴുതിക്കഴിഞ്ഞു. പി.എസ്.സി കോച്ചിംഗ് സെന്ററിലെ കൂട്ടുകാരാണ് അഖിലിനെ വീട്ടില്‍ നിന്ന് ക്ലാസിലേക്ക് കൊണ്ടു പോവുന്നത്. ഉച്ച ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് പോവുന്നതും വൈകിട്ട് തിരിച്ച് വരുന്നതിനുമൊക്കെ പൂര്‍ണ സഹായവുമായി കൂട്ടുകാര്‍ ഒപ്പമുണ്ട്.

‘എന്റെ പാഷന്‍ തിരക്കഥ എഴുതുക എന്നതാണ്. പക്ഷേ ജീവിത സാഹചര്യവും നിലനില്‍പ്പുമൊക്കെ കണക്കാക്കി ഒരു ജോലിനെടാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍’ – അഖില്‍ വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു. ഒരു ജോലിയും സ്ഥിരവരുമാനവും നിലനില്‍പ്പിന് ഇപ്പോ ആവശ്യമാണ്. രണ്ട് തിരക്കഥ ഇപ്പോള്‍ കയ്യിലുണ്ട്. പറ്റിയ ആളെ കിട്ടിയാല്‍ സിനിമയാക്കണം, അഖില്‍ പറയുന്നു.

ഒരു രോഗത്തിനും തളര്‍ത്താനാവാത്ത ആത്മവിശ്വാസവും നിരന്തര പരിശ്രമവും കൊണ്ട് തന്റെ ലക്ഷ്യങ്ങളെ ഓരോന്നായി കൈപ്പിടിയിലാക്കാനുള്ള അഖിലിന്റെ യാത്ര തുടരുകയാണ്.