സ്‌കൂള്‍ ഗെയിംസില്‍ ജൂഡോയില്‍ കേരളത്തിനായി സില്‍വര്‍ മെഡല്‍ സ്വന്തമാക്കി; വി.കെ.ശ്രീലക്ഷ്മിക്ക് കുറ്റ്യാടിയില്‍ സ്വീകരണം


കുറ്റ്യാടി: രാജസ്ഥാനില്‍ വച്ച് നടന്ന 67 മത് ദേശീയ സ്‌കൂള്‍ ഗെയിംസില്‍ ജൂഡോയില്‍ കേരളത്തിനുവേണ്ടി സില്‍വര്‍ മെഡല്‍ നേടിയ വി.കെ ശ്രീലക്ഷ്മിയെ അനുമോദിച്ചു. ഗോള്‍ഡന്‍ ഫാല്‍ക്കണ്‍ കരാട്ടെ ആന്റ് ഡ്രാഗണ്‍ ജൂഡോ ക്ലബ്ബാണ് കുറ്റ്യാടിയില്‍ സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.

കുറ്റ്യാടി മെഹഫില്‍ ഓഡിറ്റോറിയം പരിസരത്തുനിന്ന് ആരംഭിച്ച റാലി ടൗണിലെ വിവിധ പ്രദേശങ്ങളില്‍ കൂടി പുതിയ ബസ്റ്റാന്‍ഡില്‍ സമാപിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സബിന മോഹനന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ജെകെഎച്ച്ജിഎഫ്‌കെ സൗത്ത് ഇന്ത്യ സൗത്ത് സോണ്‍ ചീഫ് ഇന്‍സ്ട്രക്ടര്‍ പി.കെ അഷ്‌റഫ് മാസ്റ്റര്‍ അധ്യക്ഷനായി. സബ് ഇന്‍സ്‌പെക്ടര്‍ സനീഷ് സ്‌നേഹോപഹാരം നല്‍കി. സംസ്ഥാന ജൂഡോ ജോയിന്റ് സെക്രട്ടറി റഫീഖ് മുഖ്യപ്രഭാഷണം നടത്തി.

നിരവധി പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പരിപാടിയില്‍ കോഴിക്കോട് ജില്ലാ ജൂഡോ സെക്രട്ടറി നസീര്‍ പിസി സ്വാഗതം പറഞ്ഞു. 300 ല്‍പരം വിദ്യാര്‍ത്ഥികളും നാട്ടുകാരും രക്ഷിതാക്കളും കരാട്ടെ ഇന്‍സ്ട്രക്ടര്‍മാരും ജൂഡോ താരങ്ങളും പരിപാടിയില്‍ പങ്കെടുത്തു.