നിങ്ങളുടെ ഡ്രൈവിങ് ലൈസന്‍സും സ്മാര്‍ട്ടാക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? 200 രൂപ മുടക്കിയാന്‍ പുത്തന്‍ ലൈസന്‍സിലേക്ക് മാറാം; ഏഴ് സുരക്ഷാക്രമീകരണങ്ങളോടെ


തിരുവനന്തപുരം: ലാമിനേറ്റഡ് ഡ്രൈവിങ് ലൈസന്‍സില്‍ നിന്നും മാറി സ്മാര്‍ട്ട് ലൈസന്‍സ് എടുക്കാന്‍ പൊതു ജനങ്ങള്‍ക്ക് അവസരം. നിലവില്‍ ലൈസന്‍സുള്ളവര്‍ക്ക് 200 രൂപ മുടക്കിയാല്‍ പുത്തന്‍ സ്മാര്‍ട്ട് ലൈസന്‍സിലേക്ക് മാറാം. ഏഴ് സുരക്ഷാക്രമീകരണങ്ങളുള്ള പുതിയ ഡ്രൈവിങ് ലൈസന്‍സുകളുടെ വിതരണോദ്ഘാടനവേദിയിലാണ് മന്ത്രി ആന്റണി രാജു ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇതിനായി കൈവശമുള്ള പഴയ ലൈസന്‍സ് തിരികെ ഏല്‍പ്പിക്കേണ്ടതില്ല. ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയാല്‍ മതി. പുതിയ ലൈസന്‍സ് തപാലില്‍ വേണമെന്നുള്ളവര്‍ തപാല്‍ ഫീസുംകൂടി അടയ്ക്കണം.

ഒരു വര്‍ഷത്തേക്കാണ് ഇളവ്. അതുകഴിഞ്ഞാല്‍ ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സിനുള്ള 1200 രൂപയും തപാല്‍കൂലിയും നല്‍കേണ്ടിവരും. മേയ്മുതല്‍ വാഹനരജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും പെറ്റ് ജി കാര്‍ഡിലേക്ക് മാറും. ഏഴ് സുരക്ഷാസംവിധാനമാണ് കാര്‍ഡുകളില്‍ ഒരുക്കിയിട്ടുള്ളത്.

ക്യൂ ആര്‍ കോഡ്, യു വി എംബ്ലം, സീരിയല്‍ നമ്പര്‍, ഗില്ലോച്ചെ പാറ്റേണ്‍, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, മൈക്രോ ടെക്സ്റ്റ്, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക് എന്നിങ്ങനെയുളള സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിങ് ലൈസന്‍സിലുള്ളത്. മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഹൈവേയ്‌സിന്റെ മാനദണ്ഡ പ്രകാരമാണ് ഡ്രൈവിങ് ലൈസന്‍സിന്റെ കാര്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എ.ടി.എം. കാര്‍ഡുകളുടെ മാതൃകയില്‍ പേഴ്സില്‍ സൂക്ഷിക്കാവുന്നതാണ് പെറ്റ് ജി കാര്‍ഡുകള്‍. മെച്ചപ്പെട്ട അച്ചടി സംവിധാനം ഉപയോഗിച്ചിരിക്കുന്നതില്‍ അക്ഷരങ്ങള്‍ മായുകയുമില്ല.