വടകര നഗരസഭ ദിശ കായിക പരിശീലന ക്യാമ്പിന്റെ സെലക്ഷന്‍ ട്രയല്‍: പങ്കെടുത്തത് നൂറിലധികം കുട്ടികള്‍


വടകര: നഗരസഭ ദിശ കായിക പരിശീലന ക്യാമ്പിലേക്ക് നടത്തിയ സെലക്ഷന്‍ ട്രയലില്‍ പങ്കെടുത്തത് നൂറിലധികം കുട്ടികള്‍. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭാ പരിധിയിലെ സ്‌ക്കൂളുകളില്‍ പഠിക്കുന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇന്ന് ക്യാമ്പില്‍ പങ്കെടുത്തത്.

നാരായണ നഗരം ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ 129 കുട്ടികളാണ് പങ്കാളികളായത്. ഇവര്‍ക്ക് ഇനി വരും മാസങ്ങളില്‍ കൃത്യമായ പരിശീലനം നല്‍കും. തുടര്‍ന്ന് മികച്ച കുട്ടികളെ ദിശയുടെ കായിക പരിശീലന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുന്നതായിരിക്കും.

വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു പ്രേമന്‍, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ സജില്‍കുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ പ്രഭാകരന്‍. ദിശ കോഡിനേറ്റര്‍ ഷീജിത്ത്. വി.അസീസ് മാസ്‌ററര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കോച്ചുമാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

നഗരസഭയിലെ സമഗ്ര കായിക പരിശീലന പദ്ധതിയായ ദിശയിലൂടെ വോളിബോള്‍, അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ് ബോള്‍ എന്നീ ഇനങ്ങളില്‍ വടകര നഗരസഭയ്ക്ക് ദേശീയ നിലവാരത്തിലുള്ള ടീമുകളെ വാര്‍ത്തെടുക്കുകയാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്.