ചെറുപ്പക്കാരില്‍ ഹൃദയാഘാത സാധ്യത വര്‍ദ്ധിക്കുന്നു; കാരണങ്ങളും പരിഹാര മാര്‍ഗങ്ങളും വിശദമായി അറിയാം


അടുത്തകാലത്തായ് സ്ഥിരമായി കേള്‍ക്കുന്ന വാര്‍ത്തയാണ് ഹൃദയാഘാതം കാരണമുണ്ടാവുന്ന ചെറുപ്പക്കാരുടെ മരണം. കൂടുതലും 35നും 50നും ഇടയില്‍ പ്രയമുള്ളവര്‍. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും 17.9 ദശലക്ഷം പേര്‍ ഹൃദയാഘാതം കാരണം മരണമടയുന്നു. ഹൃദയ രോഗങ്ങള്‍ (കാര്‍ഡിയോ വാസ്‌കുലര്‍ ഡിസീസ്- സിവിഡി) ആണ് ആഗോളതലത്തില്‍ മനുഷ്യരുടെ മരണ കാരണത്തില്‍ ഒന്നാമത്. സിവിഡി മരണങ്ങളില്‍ അഞ്ചില്‍ നാലെണ്ണം ഹൃദയാഘാതം മൂലമാണ്.

ചെറുപ്പക്കാരില്‍ ഹാര്‍ട്ട് അറ്റാക്ക് കൂടുന്നത് എന്തുകൊണ്ട്?

ഹൃദയാഘാതത്തിന്റെ കാരണങ്ങളെക്കുറിച്ച് പൊതുവായി പല ധാരണകളുമുണ്ട്, അവയില്‍ മിക്കതും തടയാവുന്നതും ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്നതുമാണ്. ഹൃദയാഘാതത്തെക്കുറിച്ചുള്ള ലളിതമായ നിര്‍വ്വചനം ഇങ്ങനെ പറയുന്നു, ഹൃദയത്തിന്റെ ഒരു ചെറിയ ഭാഗത്തേക്ക് ഭാഗികമായി ഹ്രസ്വകാലത്തേക്ക് രക്ത വിതരണം തടസ്സപ്പെടുത്തുന്നു, അല്ലെങ്കില്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് ഒരു നീണ്ട കാലയളവില്‍ ഇത് പൂര്‍ണ്ണമായി സംഭവിക്കാം. ഇത് രണ്ടും ഹൃദയത്തിന്റെ പെട്ടെന്നുള്ള സ്തംഭനത്തിലേക്ക് നയിക്കുന്നു. ഒരു തവണ ഹൃദയാഘാതം ഉണ്ടായ ആളുകളില്‍ അത് വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്.

കൊറോണറി ഹാര്‍ട്ട് ഡിസീസ് (സിഎച്ച്ഡി) ആണ് ഹൃദയാഘാതത്തിന് പ്രധാന കാരണം. കൊറോണറി ധമനികള്‍ (ഹൃദയത്തിലെ പ്രധാന രക്തക്കുഴലുകള്‍) ഫലകങ്ങള്‍ എന്നറിയപ്പെടുന്ന കൊളസ്ട്രോള്‍ അടിയുന്നതുമൂലം അടഞ്ഞുപോകുന്ന ഒരു അവസ്ഥയാണിത്, ഇത് ധമനികളുടെ സങ്കോചത്തിലേക്ക് നയിക്കുന്നു. ഹൃദയത്തിന് കാര്യമായ നാശനഷ്ടമുണ്ടാക്കാന്‍ ഇത് വര്‍ഷങ്ങളെടുക്കുമെങ്കിലും, അതിന്റെ രൂപീകരണം ജീവിതത്തിന്റെ യൗവ്വനാരംഭത്തില്‍ തന്നെ തുടങ്ങും. മറ്റ് സഹ-രോഗാവസ്ഥകളും ഇന്നത്തെ യുവാക്കളുടെ അനാരോഗ്യകരമായ ജീവിതശൈലിയും കാരണം, ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു.

ചെറുപ്പക്കാര്‍ മനസ് വെച്ചാല്‍ ഹൃദയാഘാത സാധ്യത കുറയ്ക്കാനാകും. പാരമ്പര്യമായുള്ള പ്രമേഹം, രക്താതിമര്‍ദ്ദം, അമിതവണ്ണം, ഹൈപ്പര്‍ കൊളസ്ട്രോളീമിയ, ജനിതക ഹൃദയ വൈകല്യങ്ങള്‍ എന്നിവ ഹൃയാഘാതത്തിന്റെ പ്രധാന കാരണങ്ങളാണ്, എന്നാല്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ദൈനംദിന വ്യായാമം, പുകയില ഒഴിവാക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതിലൂടെ ഇത് തടയാനാകും. മദ്യം, ലഹരി വസ്തുക്കള്‍. സജീവമായ പുകവലി, പാസീവ് സ്മോക്കിങ് എന്നിവയൊക്കെ ചെറുപ്പക്കാരില്‍ ഹൃദയരോഗങ്ങള്‍ ഉടലെടുക്കാനുള്ള കാരണങ്ങളാണ്.

മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ്, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഗാഡ്ജറ്റുകളുമായി മണിക്കൂറുകളോളം ഒരിടത്ത് ചടഞ്ഞിരിക്കുന്നത് അത്യന്തം അപകടകരമാണ്. ചെറുപ്പക്കാരായ വിദ്യാര്‍ത്ഥികളിലും തൊഴിലാളികള്‍ക്കിടയിലും വര്‍ദ്ധിച്ചുവരുന്ന മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗവും ഹൃദയാരോഗ്യം നശിപ്പിക്കും. ആംഫെറ്റാമൈനുകള്‍, മെത്താംഫെറ്റാമൈന്‍ തുടങ്ങിയ തരം ഉത്തേജകമരുന്നുകളുടെ അമിതോപയോഗം പെട്ടെന്നുള്ള ഹൃദയാഘാതത്തിന് കാരണമാകും.

ഹൃദയാഘാതം വരാതിരിക്കാന്‍

ചെറുപ്പക്കാരിലെ ഹൃദയാഘാതം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതിനായി ജീവിതശൈലിയില്‍ വ്യക്തമായ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. ശരീരഭാരം ആരോഗ്യകരമായി നിര്‍ത്താന്‍ ശ്രദ്ധിക്കുക. പതിവായി വ്യായാമം ചെയ്യുക. ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക. സമ്മര്‍ദ്ദം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക. പുകവലിയും മദ്യപാനവും ഒഴിവാക്കുക. ഇത് കൂടാതെ കൃത്യമായ ഇടവേളകളില്‍ ഹൃദയ പരിശോധന നടത്തുക.