തൊട്ടാല്‍ പൊള്ളും! സംസ്ഥാനത്ത് സ്വര്‍ണം പവന് അരലക്ഷം കടന്നു


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണത്തിന് റെക്കോര്‍ഡ് വില. പവന് 1040രൂപ വര്‍ധിച്ച്‌ പവന് 50,400രൂപയായി. ആദ്യമായാണ് പവന് 50,000രൂപ കടക്കുന്നത്. ആഗോള വിപണിയിലെ വിലവര്‍ധനവാണ് സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണം.

ഗ്രാമിന് 130രൂപ വര്‍ധിച്ച് 6,300രൂപയായി. മാര്‍ച്ച് 26ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് വിപണി വില 48, 920 രൂപയായിരുന്നു. 27ന് വീണ്ടും 80രൂപ വര്‍ധിച്ച് പവന് 49,080രൂപയായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 280രൂപ വര്‍ധിച്ച് 49,360രൂപയായിരുന്നു. മാര്‍ച്ച് ഒന്നിന്‌ പവന് 46, 320രൂപയായിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 10,000 രൂപയോളമാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ സ്വര്‍ണ വില റെക്കോര്‍ഡിലേക്ക് കടന്നതോടെ ആശങ്കയിലായിരിക്കുകയാണ് സാധാരണക്കാര്‍.