137 ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂടി; ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക വിലയും കുത്തനെ കൂട്ടി


കോഴിക്കോട്: രാജ്യത്ത് 137 ദിവസങ്ങള്‍ക്ക് ശേഷം പെട്രോളിനും ഡീസലിനും വില കൂട്ടി. 138 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ ഇന്ധനവില കൂടുന്നത്. പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് കേരളത്തില്‍ വര്‍ധിച്ചത്.

ഇതോടെ കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 105.28 രൂപയും ഒരു ലിറ്റർ ഡീസലിന് 92.61 രൂപയുമായി.

ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വിലയും ഇതിനൊപ്പം കുത്തനെ വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഇതോടെ കോഴിക്കോട് ഗാര്‍ഹികാവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറിന്റെ വില 958.50 രൂപയായി ഉയര്‍ന്നു. അഞ്ച് മാസത്തിന് ശേഷമാണ് ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നത്.

അഞ്ച് കിലോഗ്രാം എല്‍.പി.ജി സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. സിലിണ്ടറിന് 13 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ അഞ്ച് കിലോഗ്രാം സിലിണ്ടറിന് വില 352 രൂപയായി. വാണിജ്യ സിലിണ്ടറിന്റെ വില നേരത്തേ വര്‍ധിപ്പിച്ചിരുന്നു. ഈ മാസം ആദ്യം 106.50 രൂപയാണ് വാണിജ്യ സിലിണ്ടറിന് വില കൂട്ടിയത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിനാണ് രാജ്യത്ത് അവസാനമായി പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വന്നത്. കഴിഞ്ഞ നാല് മാസമായി മാറ്റമുണ്ടായിട്ടില്ല. നവംബര്‍ നാലിനാണ് പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും എക്‌സൈസ് തീരുവ കുറച്ചത്. ഇതിന് പിന്നാലെ ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വന്നതോടെ ദിനേനയുള്ള വില നിശ്ചയിക്കലില്‍ നിന്ന് എണ്ണക്കമ്പനികള്‍ പിന്നോട്ട് പോയി.

കേന്ദ്ര സര്‍ക്കാരിന് എണ്ണക്കമ്പനികളുടെ വില നിര്‍ണയാധികാരത്തില്‍ യാതൊരു സ്വാധീനവുമില്ലെന്നാണ് യാഥാര്‍ത്ഥ്യം. എങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് എണ്ണവില സ്ഥിരതയോടെ നില്‍ക്കുന്നതാണ് പതിവ് രീതി. ഇക്കാരണത്താലാണ് കഴിഞ്ഞ നാല് മാസത്തിലേറെയായി എണ്ണ വില ഉയരാതിരുന്നതെന്നാണ് ജനം പൊതുവെ വിശ്വസിക്കുന്നത്.

നവംബര്‍ നാലിന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 85 ഡോളറായിരുന്നു. ഇവിടെ നിന്ന് പിന്നീട് 70 ഡോളറിലേക്ക് വരെ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞിരുന്നു. എന്നാല്‍ യുദ്ധം വന്നതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്ന് കഴിഞ്ഞ രാത്രി 130 ഡോളറിലേക്കെത്തി. ഇപ്പോള്‍ 128 ഡോളറാണ് അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ അസാധാരണ കുതിപ്പാണ് നടക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 130 ഡോളര്‍ വരെ ഉയര്‍ന്നു. 13 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഒറ്റ ദിവസം കൊണ്ട് ക്രൂഡ് ഓയില്‍ വില ഒന്‍പത് ശതമാനമാണ് ഉയര്‍ന്നത്. റഷ്യയില്‍ നിന്നുള്ള എണ്ണയ്ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത്.

നൂറിലേറെ ദിവസമായി ഇന്ത്യയില്‍ മാറ്റമില്ലാതെ തുടരുന്ന പെട്രോള്‍ – ഡീസല്‍ വിലയിലും കാര്യമായ വാര്‍ധനവുണ്ടാകുമെന്നാണ് വിവരം. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില 85 ഡോളറില്‍ നില്‍ക്കുമ്പോഴാണ് അവസാനമായി ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ വില ഉയര്‍ന്നത്. രാജ്യത്ത് പെട്രോള്‍ വിലയില്‍ ഒറ്റയടിക്ക് 25 രൂപ വരെ ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍.