താമരശ്ശേരിയില്‍ പണിതീരാത്ത വീടിനകത്ത് കണ്ടെത്തിയ മൃതദേഹം ഇരുപതുകാരന്റേത്; ആളെ തിരിച്ചറിഞ്ഞു, സംഭവത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍


താമരശ്ശേരി: ആനപ്പാറ പൊയിലില്‍ പണിതീരാത്ത വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. താമരശ്ശേരി അണ്ടോണ റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന ചമല്‍ വാഴാംകുന്നേല്‍ സന്ദീപ് (20)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരമാണ് ആനപ്പാറ പൊയിലിലെ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടത്. സ്വകാര്യ ബസ്സിലെ ജീവനക്കാരനാണ് സന്ദീപ്.

അഞ്ച് ദിവസത്തിലേറെയായി ഇയാള്‍ വീട്ടിലെത്തിയിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. പുറമേ നിന്നുള്ളവര്‍ അധികം എത്താത്ത ഉള്‍പ്രദേശത്തുള്ള വീട്ടിലാണ് മൃതദേഹം കണ്ടത്. വീടിന്റെ മുന്‍ഭാഗം അടച്ചുപൂട്ടിയ നിലയിലായിരുന്നു. കാല്‍മുട്ടുകള്‍ നിലത്തുകുത്തിയ നിലയില്‍ ജനല്‍ കമ്പിയില്‍ എങ്ങനെ തൂങ്ങിമരിച്ചുവെന്നതില്‍ ദുരൂഹത നിലനില്‍ക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.

പ്രദേശത്ത് ലഹരി സംഘങ്ങള്‍ തങ്ങാറുണ്ടെന്നാമ് നാട്ടുകാര്‍ പറയുന്നത്. പൊലീസ്, ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍, ഫോറന്‍സിക് സംഘങ്ങള്‍ എന്നിവര്‍ സ്ഥലത്തെത്തി.

ആനപ്പാറപൊയില്‍ അനീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. നാല് വര്‍ഷത്തോളമായി പണി പൂര്‍ത്തിയാകാതെ കിടന്നിരുന്ന വീട് വില്‍പ്പനയ്ക്ക് വെച്ചതായിരുന്നു. വീട് വാങ്ങാനായി നോക്കാന്‍ എത്തിയവരാണ് കഴിഞ്ഞദിവസം മൃതദേഹം കണ്ടത്. ഉടനെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.