പ്രഥമ ശുശ്രൂഷ അറിയാമെങ്കില്‍ ഭക്ഷണമോ മറ്റ് വസ്തുക്കളോ തൊണ്ടയില്‍ കുടുങ്ങിയുള്ള മരണങ്ങൾ ഒഴിവാക്കാം; പ്രഥമ ശുശ്രൂഷയെ കുറിച്ച് വിശദമായി അറിയാം (വീഡിയോ കാണാം)


കൊയിലാണ്ടി: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടി മരണം സംഭവിക്കുന്ന വാര്‍ത്തകള്‍ പലയിടത്തു നിന്നായി നാം കേട്ടിട്ടുണ്ട്. അതില്‍ അവസാനത്തേത് നമ്മുടെ കൊയിലാണ്ടിക്ക് സമീപമുള്ള ഉള്ള്യേരി ആനവാതിലില്‍ നിന്നായിരുന്നു. നാറാത്ത് വെസ്റ്റിലെ തന്‍വി എന്ന നാലുവയസുകാരിയുടെ തൊണ്ടയില്‍ കടല കുടുങ്ങിയാണ് ദാരുണാന്ത്യം സംഭവിച്ചത്.

തൊണ്ടയില്‍ ഭക്ഷ്യവസ്തുക്കളോ നാണയം, കളിപ്പാട്ട ഭാഗങ്ങള്‍ പോലുള്ള മറ്റെന്തെങ്കിലും വസ്തുക്കളോ കുടുങ്ങി ശ്വാസം മുട്ടിയുള്ള മരണങ്ങള്‍ ഒരു പരിധി വരെ നമുക്ക് ഒഴിവാക്കാന്‍ കഴിയുന്നതാണ്. എന്നാല്‍ ഇതിന് പ്രാഥമിക ശുശ്രൂഷ അറിയാവുന്ന ഒരാള്‍ ഒപ്പമുണ്ടാകണം. നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും ഈ ലളിതമായ പ്രാഥമിക ശുശ്രൂഷ അറിയില്ല എന്നതാണ് ദുഃഖകരമായ യാഥാര്‍ത്ഥ്യം.


Related News: ഉള്ള്യേരി ആനവാതിലിൽ കടല തൊണ്ടയിൽ കുടുങ്ങി നാലുവയസുകാരിക്ക് ദാരുണാന്ത്യം

 


ആശുപത്രിയിലെത്തിക്കാനുള്ള സമയം പോലും ലഭിക്കില്ല എന്നതിനാല്‍ ആദ്യനിമഷങ്ങളില്‍ തന്നെ പ്രഥമ ശുശ്രൂഷ നല്‍കിയാലേ ജീവന്‍ രക്ഷിക്കാന്‍ കഴിയൂ. ഈ അടിയന്തിര ശുശ്രൂഷ അറിയാമെങ്കില്‍ പല വിലപ്പെട്ട ജീവനുകളും രക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞേക്കും. ഇതേക്കുറിച്ച് വിശദമായി അറിയാം.

കുട്ടികളിലാണ് ഇത്തരം അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍. ശ്വാസനാളം വളരെ ചെറുതായതിനാല്‍ ചെറിയ വസ്തുക്കള്‍ പോലും കുട്ടികള്‍ക്ക് ഭീഷണിയായിത്തീരാം. കടലമണി തൊണ്ടയില്‍ കുടുങ്ങിയ കുട്ടിക്ക് സംഭവിച്ചത് ഇതാണ്.

ഭക്ഷണമോ മറ്റ് വസ്തുക്കളോ തൊണ്ടയില്‍ കുടുങ്ങിയാല്‍ കുട്ടിയില്‍ ചില ലക്ഷണങ്ങള്‍ കാണാനാവും. ശ്വാസംമുട്ടല്‍, ശബ്ദം പുറത്തുവരാത്തതിനാല്‍ സംസാരിക്കാനോ, കരയാനോ ആകാത്ത സ്ഥിതി, ശരീരത്തില്‍ നീലനിറം പ്രത്യക്ഷപ്പെടല്‍ മുതലായവ ഉണ്ടാകാം.

അല്‍പം വലിയ കുട്ടികള്‍ ആണെങ്കില്‍ തൊണ്ടയില്‍ മുറുക്കിപ്പിടിച്ച അവസ്ഥ, പേടിച്ച മുഖഭാവം, ശ്രമിച്ചിട്ടും ശബ്ദം പുറത്തുവരാത്ത സ്ഥിതി തുടങ്ങിയവയൊക്കെ ഇതിന്റെ സൂചനകളാണ് (choking sign) ശ്വാസംമുട്ടല്‍ ഉണ്ടെങ്കിലും കുട്ടിക്ക് കരയാനോ ചുമയ്ക്കാനോ പറ്റുന്ന അവസ്ഥയിലാണെങ്കില്‍ ശ്വാസനാളം പൂര്‍ണമായി അടഞ്ഞുപോയിട്ടില്ല എന്നാണര്‍ഥം.

ഭക്ഷണമോ അന്യവസ്തുക്കളോ തൊണ്ടയില്‍ കുടുങ്ങിയാല്‍ ശ്വാസനാളം പൂര്‍ണമായോ ഭാഗികമായോ അടഞ്ഞുപോകാം. ശ്വാസനാളം പൂര്‍ണമാ യും അടഞ്ഞുപോകുന്നത് അടിയന്തരാവസ്ഥയാണ്. പ്രാണവായു ലഭിച്ചില്ലെങ്കില്‍ മിനുറ്റുകള്‍ കൊണ്ട് ജീവഹാനി നേരിടാവുന്ന അവസ്ഥ. ശ്വാസനാളം ഭാഗികമായി അടഞ്ഞാലും പ്രശ്നം തന്നെ.

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ വളരെക്കുറച്ച് സമയമേ ലഭിക്കൂ എന്നതിനാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് അടിയന്തിരമായി രക്ഷാപ്രവര്‍ത്തനം നടത്തണം. മനസ്സാന്നിധ്യത്തോടെ ശാസ്ത്രീയമായി പ്രഥമ ശുശ്രൂഷ നല്‍കുകയെന്നതാണ് ഇവിടെ ചെയ്യേണ്ട കാര്യം. ആരുടെയെങ്കി ലും സഹായം തേടിചികിത്സക്ക് സൗകര്യവും ഒരുക്കണം.

കുഞ്ഞുങ്ങളിലെ പ്രഥമ ശുശ്രൂഷ

കുഞ്ഞിന് ബോധം ഉണ്ടായിരിക്കുകയും, ചുമയ്ക്കുകയോ മറ്റെന്തെങ്കിലും ശബ്ദമുണ്ടാക്കുകയോ ചെയ്യുകയാണെങ്കിലും പെട്ടെന്ന് വേറൊന്നും ചെയ്യേണ്ടതില്ല. മുതിര്‍ന്ന കുട്ടിയാണെങ്കില്‍ തനിയെ തൊണ്ടയില്‍ പോയ വസ്തു ചുമച്ചു പുറത്തുകളയാന്‍ പ്രേരിപ്പിക്കാവുന്നതാണ്. ഒരു കാരണവശാലും കൈ ഉള്ളിലിട്ട് വിക്കി പോയ വസ്തു എടുക്കാന്‍ ശ്രമിക്കരുത്. അത് മൂലം വസ്തു വീണ്ടും ഉള്ളിലേക്ക് പോകാനും, അവസ്ഥ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്.

കുഞ്ഞിന് ബോധം ഉണ്ടായിരിക്കുകയും, എന്നാല്‍ ചുമയ്ക്കുകയോ മറ്റെന്തെങ്കിലും ശബ്ദമുണ്ടാക്കാനോ കഴിയാത്ത സ്ഥിതി ആണെങ്കില്‍, തൊണ്ടയില്‍ വസ്തു കുടുങ്ങിയതിന്റെ ലക്ഷണമാവാം. അങ്ങനെയെങ്കില്‍ അത് പുറത്തെടുക്കുന്നത് എങ്ങനെ എന്ന് വിശദമായി പറയാം.

ഒരു വയസ്സിനു താഴെ പ്രായമാണെങ്കില്‍: കുഞ്ഞിനെ കമഴ്ത്തി തല അല്പം താഴെയായി വരുന്ന രീതിയില്‍ നമ്മുടെ തുടയില്‍ കിടത്തി, മുതുകത്ത് തോള്‍ എല്ലുകള്‍ക്കിടയില്‍ കൈയുടെ പാത്തി ഉപയോഗിച്ച് അത്യാവശ്യം ശക്തിയായി മുന്‍പോട്ട് പ്രഹരമേല്‍പ്പിക്കുക എന്നതാണ് ആദ്യത്തെ നടപടി. ഇതിനുശേഷം ഉടനെതന്നെ കുഞ്ഞിനെ മലര്‍ത്തി കിടത്തി, കുഞ്ഞിന്റെ നെഞ്ചിന്റെ മധ്യഭാഗത്ത് മുലക്കണ്ണുകളുടെ ലെവലില്‍ ചൂണ്ടുവിരലും നടുവിരലും ഉപയോഗിച്ച് 5 പ്രാവശ്യം അമര്‍ത്തേണ്ടതാണ് (CPR ചെയ്യുന്നതുപോലെ). ഇതിനുശേഷം വായ തുറന്ന് വിക്കിപ്പോയ വസ്തു പുറത്തു വന്നിട്ടുണ്ടോ എന്ന് നോക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം, വസ്തു പുറത്ത് കാണാം എങ്കിലും ഒരിക്കലും അത് വായില്‍ വിരലിട്ട് തിരിച്ചെടുക്കാന്‍ ശ്രമിക്കരുത്. ആദ്യത്തെ രണ്ട് സ്റ്റെപ്പുകള്‍ വസ്തു പുറത്തെത്തും വരെ വീണ്ടും വീണ്ടും ആവര്‍ത്തിക്കാവുന്നതാണ്. ഇതു ചെയ്യേണ്ടതെങ്ങനെയെന്ന് ഈ വീഡിയോയില്‍ കാണുക:

വീഡിയോ കാണാം:

ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുന്ന വേളയില്‍ എപ്പോഴെങ്കിലും കുഞ്ഞിന് ബോധം നഷ്ടപ്പെടുകയാണെങ്കില്‍ ഉടനെതന്നെ ഇതെല്ലാം നിര്‍ത്തി കുഞ്ഞിന് ‘CPR’ രീതിയില്‍ നെഞ്ചിനു മുന്‍വശത്ത് മര്‍ദ്ദം കൊടുക്കേണ്ടതാണ്.

ഒരു വയസിന് മുകളിൽ പ്രായമുള്ളവരിൽ

ഒരു വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും മുതിര്‍ന്ന വ്യക്തികള്‍ക്കും ഹെയിംലിച്ച് മാനുവര്‍ അഥവാ രോഗിയുടെ പിറകില്‍നിന്ന് വയറിന്റെ മുകള്‍ഭാഗത്ത് ഇരുകൈകള്‍ ഉപയോഗിച്ച് മുകളിലേക്കും പുറകോട്ടും ഉള്ള ദിശയില്‍ മര്‍ദ്ദം പ്രയോഗിക്കുന്ന രീതിയാണ് ചെയ്യേണ്ടത്.

വീഡിയോ കാണാം:

മറ്റൊരു വീഡിയോ കാണാം: