കൽപ്പറ്റയിൽ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി മരിച്ചു, ഒരാൾക്ക് പരിക്ക്


കൽപ്പറ്റ: കൽപ്പറ്റയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനി മരിച്ചു. മലപ്പുറം മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങൽ അബ്‌ദു സലാമിന്റെ മകൾ ഫാത്തിമ തസ്കിയ (24) ആണ് മരിച്ചത്. സഹായത്രികയും സുഹൃത്തുമായ അജ്‌മയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം.

മെഡിക്കൽ ഹെൽത്ത് ക്ലബ്ബ് മീറ്റിംങ്ങുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ പോയതായിരുന്നു തസ്കിയയും സുഹൃത്ത് അജ്മയും. തിരികെ വരുമ്പോൾ കല്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. തസ്കിയ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. മൃതദേഹം കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിലേക്ക് മാറ്റി.

അതേസമയം മുക്കം പിസി ജംഗ്ഷനിൽ ടിപ്പർ ലോറി ബെെക്കിലിടിച്ചുണ്ടായ അപകടത്തിൽ ബെെക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം ഊർങ്ങാട്ടിരി സ്വദേശി ഷിബുമോനാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്.