ട്രാക്കില്ലാതെ ദീർഘദൂര ബസുകൾ, മഴയും വെയിലും കൊണ്ട് ബസ് കാത്ത് നിൽക്കുന്ന യാത്രികർ; പരിമിത സൗകര്യത്തെ തുടർന്നുള്ള പരാതികൾക്ക് നടുവിൽ പയ്യോളി ബസ്സ്റ്റാൻ്റ്


പയ്യോളി: പരിമിതമായ സൌകര്യങ്ങള്‍ക്ക് നടുവില്‍ വീര്‍പ്പുമുട്ടുകയാണ് പയ്യോളി നഗരസഭാ ബസ്റ്റാന്റ്. നിരവധി യാത്രികര്‍ ദിവസേന ആശ്രയിക്കുന്ന ഇടമായിട്ടും കോഴിക്കോട്, കണ്ണൂര്‍ ലോങ്ങ് റൂട്ടുകളിലോടുന്ന ബസുകള്‍ കടന്നുപോയിട്ടും കാര്യമായ ഒരു പുരോഗതിയും ഇതുവരെ ഈ ബസ് സ്റ്റാന്റിന് കൈവന്നിട്ടില്ല.

പയ്യോളി പഞ്ചായത്ത് ആയിരിക്കെ ദേശീയപാതയോരത്ത് കേരളീയ വാസ്തു ശിൽപ മാതൃകയിൽ  നിര്‍മ്മിച്ച ബസ്സ്റ്റാന്റ്  2003ൽ അന്നത്തെ മന്ത്രി ചെർക്കളം അബ്ദുല്ലയാണ് ഉദ്ഘാടനം ചെയ്തത്.  ഷോപ്പിങ്ങ് കോംപ്ലക്സ് കൂടി ഉള്‍പ്പെടുന്ന പയ്യോളി ബസ്സ്റ്റാന്റ് ടൌണിന്റെ ഒത്ത നടുക്കായതിനാല്‍ അന്നേ സ്ഥലപരിമിധി ഒരു ബുദ്ധിമുട്ടായിരുന്നു. 

ഉദ്ഘാടനശേഷം ഒന്നോ രണ്ടോ തവണ  മാത്രമാണ് എന്തെങ്കിലും തരത്തിലുള്ള അറ്റകുറ്റപ്പണി ഇവിടെ നടന്നിട്ടുള്ളത്. ചെറിയദൂരത്തിലോടുന്ന ബസുകള്‍ക്ക് മാത്രമല്ല ദീര്‍ഘദൂരമോടുന്ന ബസുകള്‍ക്ക് പോലും ഇവിടെ യാതൊരു പരിഗണനയും ലഭിക്കുന്നില്ല. നിര്‍ത്തിയിടാന്‍ ട്രാക്ക് ഇല്ലാത്തത് കാരണം ബസില്‍ കയറാനും ഇറങ്ങാനും മഴയും വെയിലുമൊക്കെ ഏല്‍ക്കേണ്ട ഗതികേടിലാണ് പയ്യോളി സ്റ്റാന്റില്‍ നിന്ന് ബസുകയറുന്നവര്‍. സ്ഥലപരിമിതി നേരിടുന്ന അവസ്ഥയിലും പത്ത് വര്‍ഷം മുമ്പ്  ഹൈവേയിലെ ഓട്ടോറിക്ഷാ പാർക്കിങ് ഭാഗികമായി സ്റ്റാൻഡിലേക്ക് മാറ്റിയത് ബസ്സ്റ്റാന്റിന്റെ സ്ഥിതി കൂടുതല്‍ പരിതാപകരമാക്കി മാറ്റി. നിന്ന് തിരിയാന്‍ സ്ഥലമില്ലാത്ത ചുറ്റുപാടില്‍ ഓടിയും ചാടിയും പരസ്പരം തട്ടിയും ഇടിച്ചും വേണം ബസുകളില്‍ കയറിപ്പറ്റാന്‍.

ബസ് സ്റ്റാൻഡ് നവീകരണത്തിനായി നഗരസഭ 2023-24 വര്‍ഷത്തില്‍ 20 ലക്ഷം രൂപ അനുവദിച്ചെങ്കിലും ദേശീയ പാതയുടെ നിർമാണ പ്രവൃത്തി വന്നതോടെ സര്‍വീസ് റോഡുകള്‍ ഏത് വഴിയിലൂടെയെല്ലാമാണ് കടന്നുപോവുക എന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് വിപുലീകരണ പ്രവൃത്തി താത്ക്കാലികമായി നടപ്പിലാക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്ന് നഗരസഭാധ്യക്ഷന്‍ വി.കെ.അബ്ദുറഹ്മാൻ വടകര ഡോട് ന്യൂസിനോട് വ്യക്തമാക്കി.

ആവശ്യമായ സൌകര്യങ്ങളോടെ പയ്യോളി ബസ്റ്റാന്റ് നവീകരിച്ചാല്‍ മാത്രമേ യാത്രികരുടെയും ബസ് ജീവനക്കാരുടെയും ദുരിതത്തിന് പരിഹാരമാകൂ എന്നാണ് സ്ഥിര യാത്രക്കാരും നാട്ടുകാരും പറയുന്നത്.