‘തൊട്ടടുത്ത മണ്ഡലങ്ങളിൽ പത്തും പതിനൊന്നും കോടി അനുവദിച്ചപ്പോൾ വെറും അഞ്ചു കോടിയിൽ വടകരയെ ഒതുക്കി’; ബജറ്റിൽ മണ്ഡലത്തിന് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ച് എം.എൽ.എ. കെ.കെ.രമ


വടകര: 2024-25 സംസ്ഥാന ബജറ്റിൽ മണ്ഡലത്തിന് അർഹമായ പരിഗണന ലഭിച്ചില്ലെന്നും അത് പ്രതിഷേധാര്‍ഹമാണെന്നും വടകര എം.എൽ.എ. കെ.കെ രമ. വടകരയുടെ വികസനത്തിനാവശ്യമായ വിവധ പദ്ധതികള്‍ നിര്‍ദേശിച്ചെങ്കിലും ആകെ അഞ്ച് കോടിയുടെ പദ്ധതികള്‍ മാത്രമാണ് മണ്ഡലത്തിനായി അനുവദിച്ചത് എന്ന് ചൂണ്ടിക്കാണിച്ചാണ് എം.എല്‍.എയുടെ ആരോപണം.

ഉൾനാടൻ ജലസ്രോതസുകളുടെ നവീകരണത്തിന് മുൻതൂക്കം നല്‍കിക്കൊണ്ടുള്ള പദ്ധതികളാണ് ഇത്തവണത്തെ ബജറ്റില്‍ വടകരക്കായി അനുവദിച്ചിട്ടുള്ളത്. ജലവിഭവ വകുപ്പിന് കീഴിലെ പദ്ധതികൾ മാത്രം അനുവദിച്ച് മറ്റുള്ളവയെ തഴഞ്ഞത് ശരിയായ നടപടിയല്ലെന്നും അഴിത്തല ബോട്ടുജെട്ടി അടക്കമുള്ള തീരദേശത്തെ നിർദേശങ്ങളും അടിസ്ഥാന സൗകര്യ വികസനവും പരിഗണിക്കാത്തത് പ്രതിഷേധാർഹമാണെന്നും എം.എല്‍.എ വ്യക്തമാക്കി.

തൊട്ടടുത്ത മണ്ഡലങ്ങളിൽ പത്തും പതിനൊന്നും കോടി അനുവദിച്ചപ്പോൾ വെറും അഞ്ചു കോടിയിൽ വടകര മണ്ഡലത്തെ ഒതുക്കുകയായിരുന്നുവെന്നും ബജറ്റ് ചർച്ചാ വേളയിൽ ഈ വിഷയം ഉന്നയിച്ച് അർഹമായ പദ്ധതികൾ നേടിയെടുക്കാൻ പരിശ്രമിക്കുമെന്നും എം.എൽ.എ അറിയിച്ചു.

വടകര- ഏറാമല ഡിസ്ട്രിബ്യൂട്ടറി കനാൽ നവീകരണത്തിന് 2 കോടി, കാപ്പുഴക്കൽ തോട് ഭിത്തികെട്ടി സംരക്ഷിക്കാൻ ഒരു കോടി, ഓലപ്പുഴ, പെരുമ്പുഴക്കര തോട് നവീകരണത്തിനും ഫുട്പാത്ത് നിർമാണത്തിനുമായി 50 ലക്ഷം, മാടാക്കര തോട് ഭിത്തി കെട്ടി സംരക്ഷിക്കാൻ 75 ലക്ഷം, അറക്കൽ ക്ഷേത്രം തെക്കെ കുനിയിൽ ഡ്രൈനേജ് കം ഫുട്പാത്ത് 40 ലക്ഷം എന്നിങ്ങനെയാണ് സംസ്ഥാന ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഇത് കൂടാതെ കുന്നുമ്മക്കര മണപ്പുറം പ്ലേഗ്രൗണ്ടിൽ ഫുട്ബോൾ, വോളിബോൾ കോർട്ട് നിർമാണത്തിനും ഗ്രൗണ്ട് നവീകരണത്തിനുമായി 35 ലക്ഷവും ബജറ്റിൽ വടകര മണ്ഡലത്തിന് അനുവദിച്ചിട്ടുണ്ട്.