ഇനി ഏറെ കാത്തിരുന്ന ഉത്സവത്തിനായി നാളുകളെണ്ണാം; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ തിയ്യതി കുറിച്ചു


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ തിയ്യതി കുറിച്ചു. പ്രഭാത പൂജയ്ക്കുശേഷം ഒമ്പതുമണിയോടെ പൊറ്റമ്മല്‍ നമ്പീശനായ ഉണ്ണിക്കൃഷ്ണന്‍ നമ്പീശന്റെ കാര്‍മ്മികത്വത്തിലാണ് കാളിയാട്ടം കുറിക്കല്‍ ചടങ്ങ് നടന്നത്.

ക്ഷേത്രസ്ഥാപകരായ കാരണവന്മാരുടെ തറയില്‍വെച്ച് ഊരാളന്മാരുടെ സാന്നിധ്യത്തില്‍ ശശികുമാര്‍ നമ്പീശന്‍ പ്രശ്നംവെച്ചാണ് കാളിയാട്ടത്തിന്റെ തിയ്യതി കുറിച്ചത്.

ചടങ്ങില്‍ ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ഇളയടത്ത് വേണുഗോപാല്‍, വാഴയില്‍ ബാലന്‍ നായര്‍, കീഴയില്‍ ബാലന്‍ നായര്‍, മുണ്ടക്കല്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍, പുനത്തില്‍ നാരായണന്‍ കുട്ടി നായര്‍, എരോത്ത് അപ്പുക്കുട്ടി നായര്‍, എക്സിക്യുട്ടീവ് ഓഫീസര്‍ ടി.ടി.വിനോദന്‍, പാരമ്പര്യേതര ട്രസ്റ്റിമാരായ സി.ഉണ്ണിക്കൃഷ്ണന്‍, എം.ബാലകൃഷ്ണന്‍, പി.പി.രാധാകൃഷ്ണന്‍, ടി.ശ്രീപുത്രന്‍ എന്നിവര്‍ പങ്കെടുത്തു.

കാളിയാട്ട മുഹൂര്‍ത്തം ആചാരപ്രകാരം ഇന്ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം നട തുറക്കുമ്പോള്‍ ഷാരടി കുടുംബാംഗമായ ബാലകൃഷ്ണ പിഷാരടി വിളിച്ചറിയിക്കും.

മലബാറിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്ന ക്ഷേത്രോത്സവമാണ് പിഷാരികാവിലെ കാളിയാട്ട മഹോത്സവം. കളിയാട്ടം കുറിക്കല്‍ ചടങ്ങ് നടത്തുന്നത് കുംഭ മാസത്തിലും കാളിയാട്ടം മീനമാസത്തിലായിരിക്കും നടത്തുക. ചേമഞ്ചേരിയിലുള്ള പൊറ്റമ്മല് കുടുംബത്തിലെ കാരണവരായ നമ്പീശനാണ് കാളിയാട്ടം കുറിക്കല്‍ ചടങ്ങ് നടത്തുന്നത്. ഉത്സവം മീനമാസത്തില്‍തന്നെ നടത്തണമെന്നല്ലാതെ നിശ്ചിത ദിവസം തന്നെ നിശ്ചിത നാളില്‍ നടത്തണമെന്ന് നിര്‍ബന്ധമില്ല. അത് ഓരോ കൊല്ലവും നിശ്ചയിക്കുകയാണ് പതിവ്.