ആയഞ്ചേരി പറമ്പിൽ ഗവ.യുപി സ്കൂളിന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു


ആയഞ്ചേരി: പറമ്പിൽ ഗവ. യുപി സ്കൂളിന് പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന് ശിലയിട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഒരു കോടി രൂപയാണ് പുതിയ കെട്ടിടത്തിനായി അനുവദിച്ചത്‌. ആയഞ്ചേരി പഞ്ചായത്തിലെ ഏക സർക്കാർ സ്‌ക്കൂളാണ് പറമ്പില്‍ എല്‍.പി സ്‌ക്കൂള്‍.

സ്കൂളിന് 2017ലാണ് സർക്കാർ ഫണ്ട് അനുവദിച്ചത്. തുടര്‍ന്ന് 2018ല്‍ സാങ്കേതിക അനുമതി ലഭിക്കുകയും പ്രവർത്തി ടെൻഡർ ചെയ്ത് കോഴിക്കോടുള്ള നിദ്ര കൺസ്ട്രക്ഷൻസ് 2019ല്‍ കരാറിൽ ഏർപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കെട്ടിടം പണിയേണ്ട സ്ഥലം കരാറുകാരന് കൈമാറാൻ സാധിക്കാതെ വന്നതോടെ കരാറുകാരൻ രണ്ടുതവണ വകുപ്പിന് കത്ത് നല്‍കി. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് കരാറുകാരനെ ഒഴിവാക്കുകയായിരുന്നു.

പിന്നീട് എം.എല്‍.എ കുഞ്ഞമ്മത് കുട്ടിയുടെ നേതൃത്വത്തില്‍ മണ്ണ് പരിശോധന നടത്തുകയും, സ്കൂൾ പിടിഎ കമ്മിറ്റിയുടെ തീരുമാനപ്രകാരമുള്ള സ്ഥലത്ത് കെട്ടിടം നിർമ്മിക്കാൻ വേണ്ട എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കുകയും ചെയ്യുകയായിരുന്നു. ഊരാളുങ്കല്‍ സൊസൈറ്റിയാണ് പുതിയ കെട്ടിടം പണിയുന്നത്.

ചടങ്ങിൽ ആയഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി.വി കുഞ്ഞിരാമൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീലത, വൈസ് പ്രസിഡന്റ് പി.എം ലീന, ആയഞ്ചേരി പഞ്ചായത്ത് അംഗങ്ങളായ എൻ.പി ശ്രീലത, പി.രവീന്ദ്രൻ, ലിസ പുനയങ്കോട്ട്, സുധ സുരേഷ്, കെ.സജിത്ത്, പ്രവിത അണിയോത്ത്, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസി. എഞ്ചിനീയർ സുരഭി, വി.ടി ബാലൻ, വി.ബാലൻ, സി.എച്ച് ഹമീദ്, എം.കെ നാണു, പവിത്രൻ കുന്നിൽ, കരീം പിലാക്കി, പി.കെ മോളി, പി.കെ ഷാഹി, തോന്നൂർ ബിപിഒ നിഷാന്ത് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
പിടിഎ പ്രസിഡന്റ് തയ്യിൽ നൗഷാദ് സ്വാഗതവും പ്രധാന അധ്യാപകൻ നാസർ ആക്കായി നന്ദിയും പറഞ്ഞു.