കോടമഞ്ഞിന്റെ മാസ്മരികതയില്‍ വയനാടിന്റെ വന്യത ആസ്വദിക്കാം; ഈ അവധിക്കാലം വയനാട്ടിലേക്ക് ഒരു യാത്ര ആഗ്രഹിക്കുന്നുവോ? അറിഞ്ഞിരിക്കാം ഈ പ്രധാന സ്ഥലങ്ങളെക്കുറിച്ച്


വധിക്കാലമെത്തി. ഡിസംബറിന്റെയും ജനുവരിയുടെയും കോരിച്ചൊരിയുന്ന തണുപ്പില്‍ വയനാട്ടിലേക്ക് ഒരു യാത്ര. അത് ആഗ്രഹിക്കാത്തവര്‍ ആരാണ്. നിങ്ങള്‍ ഇത്തവണ വയനാട്ടിലേക്ക് ഒരു യാത്രയ്ക്ക് ഒരുങ്ങുന്നുണ്ടോ? എങ്കില്‍ അറിഞ്ഞിരിക്കാം വയനാട്ടിലെ പ്രധാനപ്പെട്ട ഈ പത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളെ. ഒരിക്കലും മറക്കാത്ത ഒരു യാത്രാ അനുഭവമാവും ഈ യാത്ര…

പൂക്കോട് തടാകം

താമരശ്ശേരി ചുരം കഴിഞ്ഞ് കുറച്ചുകൂടി യാത്ര ചെയ്താല്‍ പൂക്കോട് തടാകത്തില്‍ എത്താം. പെഡല്‍ ബോട്ട് സഫാരിയും യാത്രക്കാര്‍ക്ക് സഞ്ചരിക്കാനായി തടാകത്തിനു ചുറ്റും ഒരുക്കിയിരിക്കുന്ന നടപ്പാതയുമാണ് ഇവിടുത്തെ പ്രധാന ആഘര്‍ഷണം. 13 ഏക്കറാണ് തടാകത്തിന്റെ വിസ്തീര്‍ണ്ണം.

ചെമ്പ്ര കൊടുമുടി

ട്രെക്കിങിന്റെ ഏറ്റവും രസകരമായ അനുഭവമാണ് ചെമ്പ്ര കൊടുമുടിയിലേക്കുള്ള യാത്ര. പൂക്കോട് തടാകത്തില്‍ നിന്നും 24 കിലോമീറ്ററും മേപ്പാടിയില്‍ നിന്ന് 8 കിലോമീറ്ററും മാറിയാണ് ചെമ്പ്ര കൊടുമുടി സ്ഥിതിചെയ്യുന്നത്. വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആണ് ചെമ്പ്ര കൊടുമുടി. കടല്‍നിരപ്പില്‍ നിന്ന് 2100 മീറ്റര്‍ മലകയറുമ്പോള്‍ ഒരു ഹൃദയത്തിന്റെ ആകൃതിയില്‍ ഒരു പ്രകൃതിദത്ത തടാകം കാണാം അതിന്റെ പേരാണ് ഹൃദയസരസ്സ്. ഈ തടാകം ഒരിക്കലും വറ്റാറില്ല

മേപ്പാടി ഫോറസ്റ്റ് ഓഫീസില്‍ നിന്നാണ് ട്രെക്കിങ്ങിനു അനുമതി വാങ്ങേണ്ടത്. അധികം ദുഷ്‌കരമല്ലാത്ത ട്രെക്കിങ് പാത ആയതിനാല്‍ ട്രെക്കിങില്‍ പരിചയം ഇല്ലാത്തവര്‍ക്കും ഇവിടെ ട്രെക്കിങ് നടത്താം. നാലര കിലോമീറ്റര്‍ ആണ് മൊത്തം ട്രെക്കിങ്ങ് ദൂരം. മൂന്ന് കിലോമീറ്റര്‍ നടന്നാല്‍ ഹൃദയതടാകത്തില്‍ എത്തും. ഏറ്റവും മുകളില്‍ എത്താന്‍ വീണ്ടും ഒന്നര കിലോമീറ്റര്‍ നടക്കണം. ഒരു ദിവസം 200 പേര്‍ക്ക് മാത്രമാണ് പ്രവേശനം.

900 കണ്ടി

മേപ്പാടിയില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്ക്. റോഡ് ദുര്‍ഘടമാണ്. കൊടും കാടിനുള്ളിലൂടെ ആണ് യാത്ര. അതിരാവിലെ കയറിത്തുടങ്ങിയാല്‍ മഞ്ഞിലൂടെയുള്ള യാത്ര അനുഭവിക്കാന്‍ കഴിയും. തൊള്ളായിരം കണ്ടി എന്നാല്‍ 900 ഏക്കര്‍ എന്നാണു അര്‍ത്ഥമാക്കുന്നത്. തൊള്ളായിരം ഏക്കര്‍ സ്ഥലം പല ആളുകളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഇന്ന്.

സൂചിപ്പാറ വെള്ളച്ചാട്ടം

സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ മറ്റൊരു പേരാണ് സെന്റിനല്‍ പാറ വെള്ളച്ചാട്ടം. വാഹനങ്ങള്‍ കുറച്ചു മാറി ആണ് പാര്‍ക്കിങ്, പിന്നീട് ഏകദേശം 1.5 കിലോമീറ്റര്‍ കാട്ടിലൂടെ നടന്നു വേണം വെള്ളച്ചാട്ടത്തിനരികില്‍ എത്താന്‍. വഴികള്‍ എല്ലാം കല്ലുപാകിയതാണ്. ശുദ്ധ വായു ശ്വസിച്ച് കാട്ടിലൂടെയുള്ള ഉള്ള യാത്രസഞ്ചാരികള്‍ക്ക് നല്ല അനുഭവം നല്‍കും.

100 അടി മുതല്‍ 300 അടി വരെ ഉള്ള മൂന്നു തട്ടുകളായി ഉള്ള ഈ വെള്ളച്ചാട്ടത്തിനോടു ചേര്‍ന്ന് സാഹസിക തുഴച്ചില്‍ ബോട്ട് യാത്രയ്ക്കും (വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ്) നീന്തുവാനും ഉള്ള സൗകര്യം ഉണ്ട്. പശ്ചിമഘട്ടത്തിന്റെയും മനോഹരമായ ദൃശ്യങ്ങള്‍ സൂചിപ്പാറയില്‍ നിന്നു കാണാം.

ഉറവ്

വൈത്തിരിയില്‍ നിന്ന് 22 കിലോമീറ്ററും സുല്‍ത്താന്‍ബത്തേരയില്‍ നിന്ന് 21 കിലോമീറ്ററുമാണ് ദൂരം. ഒരു സംഘം സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് രണ്ടു പതിറ്റാണ്ടു മുന്‍പാണ് ഉറവിന് തുടക്കമിടുന്നത്. പരമ്പരാഗത വ്യവസായ മേഖലയുടെ പുനരുജ്ജീവനമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉറവ് ഒടുവില്‍ മുളയുല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ എത്തി. അതിമനോഹരങ്ങളായ ഉത്പന്നങ്ങളാണ് ഉറവിലെ മുളകളില്‍ രൂപപ്പെടുന്നത്. ആഭരണങ്ങള്‍, സോപ്പ്, ലൈറ്റ് ഷെയ്ഡുകള്‍, ഫയല്‍ എന്നിങ്ങനെ ഇരുനൂറോളം സ്ഥിരം ഉത്പന്നങ്ങളും ആവശ്യമനുസരിച്ച് നിര്‍മിച്ച് നല്‍കുന്ന രണ്ടായിരത്തോളം ഉല്‍പന്നങ്ങളും ഉറവിലുണ്ട്.

കരകൗശല വസ്തുക്കള്‍ക്കു പുറമെ ഭക്ഷണ പദാര്‍ത്ഥങ്ങളുമുണ്ട് ഉറവില്‍. മുളയരികൊണ്ടുള്ള അവലോസുണ്ട, ഉണ്ണിയപ്പം, മുളയുടെ കൂമ്പുകൊണ്ടുള്ള അച്ചാറ്, ചമ്മന്തിപ്പൊടി, പുട്ട്, പായസം തുടങ്ങിയവ എല്ലാം ഉണ്ട്.

നിരവധി യൂണിറ്റുകളിലായി 200ഓളം പേര്‍ക്ക് മുള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഉറവില്‍ പരിശീലനം നല്‍കുന്നുണ്ട്. ഇവരില്‍ ബഹുഭൂരിപക്ഷം സ്ത്രീകളാണ്. സ്ത്രീകള്‍ക്ക് സ്വയം തൊഴിലും സ്വയം പര്യാപ്തതയും നേടാന്‍ ഈ പരിശീലനം വഴി സാധിക്കുന്നുണ്ട്. ഇതുവഴി വയനാട്ടിലെ ഉള്‍നാടന്‍ സമൂഹത്തെ സമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കുകകൂടിയാണ് ഉറവ് ചെയ്യുന്നത്.

അമ്പ് കുത്തി മല

ഹനുമാന്‍ മല എന്നും വിളിക്കാറുണ്ട്. നവീന ശിലായുഗ കാലഘട്ടത്തിലെ ഇടക്കല്‍ ഗുഹകള്‍ അമ്പുകുത്തി മലയില്‍ ഏകദേശം 1000 മീറ്റര്‍ ഉയരത്തിലായി ആണ് സ്ഥിതിചെയ്യുന്നത്. ഒരു പ്രധാന വിനോദസഞ്ചാര സന്ദര്‍ശന സ്ഥലമാണ് ഇവിടം. ഗുഹകളില്‍ കൊത്തി ഉണ്ടാക്കിയ ചുവര്‍ ലിഖിതങ്ങളും ചിത്രങ്ങളും കാണാം. മൂന്ന് ഗുഹകളാണ് മലമുകളില്‍ ഉള്ളത്. ക്രിസ്തുവിന് പിന്‍പ് 8,000 വര്‍ഷത്തോളം ഈ ഗുഹകളിലെ ചിത്രങ്ങള്‍ക്ക് പഴക്കമുണ്ട് ഫ്രെഡ് ഫോസെറ്റ് എന്ന ബ്രിട്ടീഷുകാരന്‍ തന്റെ നായാട്ടുകള്‍ക്ക് ഇടയ്ക്കാണ് ഈ ഗുഹകള്‍ കണ്ടെത്തിയത്. ഈ പാറയോട് ചേര്‍ന്ന് ഒരു ഹനുമാന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട് അതുകൊണ്ടാവണം ഇതിന് ഹനുമാന്‍ മല എന്ന പേര് വന്നത്.

എടക്കല്‍ ഗുഹ

അമ്പുകുത്തി മലയില്‍ ആണ് എടക്കല്‍ ഗുഹ സ്ഥിതിചെയ്യുന്നത്. ഗുഹ എന്ന് പറയുമെന്‍കിലും ഇതൊരു ഗുഹ അല്ല, മലയിലെ പാറകളിലെ 96 അടി നീളവും 22 അടി വീതിയുമുള്ള ഒരു വിടവാണ് ഇത്. മുകളില്‍ നിന്ന് ഒരു വലിയ പാറ വന്നു വീണ് ഒരു മേല്‍ക്കൂര തീര്‍ത്ത് ഗുഹയുടെ പ്രതീതി ജനിപ്പിക്കുന്നു എന്നേ ഉള്ളൂ. സമുദ്ര നിരപ്പില്‍ നിന്ന് 4000 മീറ്റര്‍ ഉയരത്തില്‍ ആണ് .മനുഷ്യരുടെയും മൃഗങ്ങളുടെയും ഉപകരണങ്ങളുടെയും ചിത്രങ്ങള്‍ ആണ് ഗുഹയില്‍ കാണുവാന്‍ കഴിയുക.

ക്രിസ്തുവിനു പിന്‍പ് 8,000 വര്‍ഷത്തോളം ഈ ഗുഹകളിലെ ചുമര്‍ ചിത്രങ്ങള്‍ക്ക് പ്രായമുണ്ട്. കല്ലില്‍ കൊത്തിയാണ് ചിത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അമ്പുകുത്തി മലയില്‍ ഏകദേശം 1000 മീറ്റര്‍ ഉയരത്തിലാണ് ഈ ഗുഹകള്‍. ഗുഹകള്‍ സന്ദര്‍ശിക്കുവാനായി എടക്കലില്‍ ഇറങ്ങി ഏകദേശം 1 കിലോമീറ്റര്‍ കാല്‍ നടയായി മല കയറണം. .

മുത്തങ്ങ

കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതമാണ് മുത്തങ്ങ. വയനാട് വന്യജീവി സങ്കേതത്തിലെ രണ്ട് ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് മുത്തങ്ങയും തോല്‍പ്പെട്ടിയും.സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് മൈസൂറിലേക്കുള്ള റോഡിലാണ് മുത്തങ്ങ. മുത്തങ്ങ വന്യജീവികേന്ദ്രം കര്‍ണ്ണാടകവും തമിഴ്‌നാടും സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കുവെക്കുന്നു.

ഈ മൂന്ന് സംസ്ഥാനങ്ങളും ചേരുന്ന സ്ഥലത്തിനെ ട്രയാങ്കിള്‍ പോയിന്റ് എന്നാണ് വിളിക്കുന്നത്.ആനകളെ കാണാനുള്ള യാത്രകള്‍ വനം വകുപ്പ് സംവിധാനം ചെയ്തിട്ടുണ്ട്. ഏറെ പ്രശസ്തമായ ആന വളര്‍ത്തല്‍ കേന്ദ്രവും മുത്തങ്ങയുടെ പ്രത്യേകതയാണ്. കാട്ടുപോത്ത്, മാന്‍, ആന, കടുവ തുടങ്ങിയ ജീവികളെ ഈ വന്യമൃഗ സങ്കേതത്തിലെ കാടുകളില്‍ കാണാം.

കുറുവ ദീപ്

മുത്തങ്ങയില്‍ നിന്ന് 57 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ഇവിടെ എത്താം. ഇന്ത്യയിലെ ആള്‍പ്പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപ് ആണ് വയനാട്ടിലെ കുറുവ ദ്വീപ്. കബിനി നദിയിലെ നദീതടത്തില്‍ 950 ഏക്കര്‍ വിസ്തീര്‍ണമുള്ള ഒരു ദ്വീപു സമൂഹമാണ് കുറുവദ്വീപ് കേരളത്തില്‍ നിന്നും കിഴക്കോട്ട് ഒഴുകുന്ന നദിയായ കബനിയുടെ പോഷക നദിയിലാണ് കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

സംരക്ഷിത മേഖലയായ ഇവിടെ പലവിധത്തിലുള്ള പക്ഷികളും ഔഷധ ചെടികളും സസ്യങ്ങളും വളരുന്നു. 150 ഓളം ചെറുദ്വീപുകളുടെ കൂട്ടമാണ് ഈ പ്രദേശം.

തോല്‍പ്പെട്ടി വന്യജീവി സങ്കേതം

കാടിന് ഉള്ളിലേക്ക് ജീപ്പ് സവാരി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രം, മുതുമല വന്യജീവി സംരക്ഷണകേന്ദ്രം. നാഗര്‍ഹോളെ വന്യജീവി സംരക്ഷണകേന്ദ്രം എന്നിവ ഇതിനു സമീപത്താണ് സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ആനസങ്കേതമാണ് വയനാട് ഉള്‍പ്പെടുന്ന വനമേഖലകള്‍. പൊതുവെ വയനാട്ടിലെ മുത്തങ്ങ, തോല്‍പ്പെട്ടി വന്യജീവി സങ്കേതങ്ങളാണ് വയനാട് വന്യജീവി സങ്കേതം എന്ന ഒറ്റപേരില്‍ അറിയപ്പെടുന്നത്