ഭൂമിയിലെ സ്വര്‍ഗത്തിലേക്ക് ഒരു സാഹസിക യാത്ര; ആരും കൊതിക്കുന്ന അഗസ്ത്യാര്‍കൂടത്തിന്റെ വിസ്മയങ്ങളും ട്രക്കിംഗ് അനുഭവങ്ങളും ആസ്വദിക്കാന്‍ അവസരം


തിരുവനന്തപുരം: കേരളത്തിലെ രണ്ടാമത്തെ വലിയ കൊടുമുടിയെന്ന വിശേഷണത്തിനര്‍ഹമായ അഗസ്ത്യാര്‍കൂടത്തിലേക്ക് ഒരു യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ അവസരം. സംസ്ഥാനത്തെ തന്നെ ഏറ്റവും കഠിനമായ ട്രെക്കിംഗ് റൂട്ടുകളില്‍ ഒന്നായ തിരുവനന്തപുരത്തുള്ള അഗസ്ത്യാര്‍കൂടത്തിലേക്ക് ജനുവരി 24 മുതലാണ് ട്രക്കിംഗ് ആരംഭിക്കുന്നത്.

അഗസ്ത്യമുനി തപസ്സനുഷ്ഠിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ പശ്ചിമഘട്ടപ്രദേശം പ്രകൃതിസൗന്ദര്യവും ജൈവവൈവിധ്യവും കൊണ്ട് സമ്പന്നമാണ്. അതിനാല്‍ തന്നെ അഗസ്ത്യാര്‍കൂടത്തിലേക്ക് യാത്രചെയ്യുന്നവര്‍ക്കു മനസ്സിലാകും, ഈ യാത്രയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊരു യാത്രയ്ക്കും കഴിയിയല്ലെന്ന യാഥാര്‍ത്ഥ്യം.

പശ്ചിമഘടത്തിലെ വന്യമായ സൗന്ദര്യം കുടികൊള്ളുന്ന ഒരിടമാണ് അഗസ്ത്യാര്‍കൂടം. നിബിഡവനങ്ങളും ജലസമൃദ്ധമായ കാട്ടരുവികളും ഇവിടുത്തെ പ്രത്യേകതയാണ്. പക്ഷേ ഇക്കൂട്ടത്തിലെ യഥാര്‍ത്ഥ വസ്തുത ഇവയൊന്നുമല്ല. ഒരുപക്ഷേ മറ്റെവിടെയും കാണാന്‍ കഴിയാത്ത തരത്തിലുള്ള വൈവിദ്ധ്യമേറിയ ഔഷധസസ്യങ്ങളുടെ വിളനിലം കൂടിയാണ് ഇവിടം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു വിസ്മയ ഭൂമി.

അപൂര്‍വമായ സസ്യങ്ങളും ജീവജാലങ്ങളും ഉള്ള പ്രദേശമായതിനാല്‍ ഇവിടേക്ക് സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ ഒരു മാസം കര്‍ശന നിയന്ത്രണങ്ങളോടെ ഇവിടേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാറുണ്ട്. വന്യമൃഗങ്ങളും അട്ടകളും വിഹരിക്കുന്ന കൊടുംവനത്തിനുള്ളിലൂടെ 27 കിലോമീറ്റര്‍ നടന്നാണ് ഏറ്റവും മുകളിലെത്തുന്നത്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 6200 അടി ഉയരത്തിലാണ് അഗസ്ത്യാര്‍കൂടം.

ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂടം സീസണല്‍ ട്രെക്കിംഗ് ജനുവരി 24 മുതല്‍ മാര്‍ച്ച് രണ്ടാം തീയതി വരെയാണ് നടക്കുന്നത്. ഒരു ദിവസം പരമാവധി 100 പേര്‍ക്ക് മാത്രമേ ട്രെക്കിംഗ് അനുവദിക്കൂ. ഒരു ദിവസം 70 പേര്‍ എന്ന കണക്കിലായിരിക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍. ദിവസം 30 പേരില്‍ കൂടാതെ ഓഫ്ലൈന്‍ ബുക്കിംഗ് തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുവദിക്കാം. ഓഫ് ലൈന്‍ ബുക്കിംഗ്, ട്രെക്കിംഗ് തീയതിക്ക് ഒരു ദിവസം മുന്‍പ് മാത്രമേ നടത്താന്‍ സാധിക്കൂ. ഭക്ഷണം ഇല്ലാതെ ഇക്കോ ഡെവലപ്മെന്റ് ചാര്‍ജ് അടക്കം 2500 രൂപയാണ് ട്രെക്കിംഗ് ഫീസ്.

വനം വകുപ്പിന്റെ  http://www.forest.kerala.gov.in സന്ദര്‍ശിച്ച് http://serviceonline.gov.in/trekking എന്ന ലിങ്കില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഫോട്ടോയും, സര്‍ക്കാര്‍ അംഗീകരിച്ച ഐഡി ഓണ്‍ലൈനായി അപ്ലോഡ് ചെയ്യേണ്ടതാണ്.

14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് യാത്ര അനുവദനീയമല്ല. 14 മുതല്‍ 18 വയസു വരെയുള്ളവര്‍ക്ക് രക്ഷാകര്‍ത്താവിനോടൊപ്പമോ രക്ഷിതാവിന്റെ അനുമതി പത്രത്തോടൊപ്പമോ മാത്രമാണ് യാത്ര അനുവദിക്കൂ. ഏഴു ദിവസത്തിനകം എടുത്ത ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ട്രെക്കിംഗ് ആരംഭിക്കുന്നതിന് മുന്‍പായി ഹാജരാക്കണം. ഫസ്റ്റ് എയിഡ് കിറ്റ്, അപകട ഇന്‍ഷൂറന്‍സ് എന്നിവ ട്രെക്കിംഗിന് വരുന്നവര്‍ ഉറപ്പു വരുത്തണം. പ്രതികൂല കാലാവസ്ഥ, വന്യജീവി ആക്രമണ സാധ്യത എന്നിവയുണ്ടെങ്കില്‍ ഏത് സമയത്തും ട്രെക്കിംഗ് നിര്‍ത്തി വയ്ക്കുമെന്നും വനംവകുപ്പ് അറിയിച്ചു.