പങ്കെടുക്കുന്നവര്‍ക്ക്‌ ടെക്സ്റ്റ് ബുക്കും സ്‌കൂള്‍ബാഗും സൗജന്യം; വിദ്യാര്‍ത്ഥികള്‍ക്കായി അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനവുമായി സി-ഡിറ്റ്, വിശദമായി അറിയാം


സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പിനു കീഴിലെ സി-ഡിറ്റ് അഞ്ചു മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഏപ്രില്‍ 10 നകം അപേക്ഷിക്കാമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.

പൈത്തണ്‍, പിഎച്ച്പി, ജാവാ, സി++ എന്നീ പ്രോഗ്രാമിംഗ് ഭാഷകളും ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിംഗ്, ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, അനിമേഷന്‍, ഓഫീസ് ഓട്ടോമേഷന്‍, അക്കൌണ്ടിംഗ്, ഹാര്‍ഡ്‌വെയര്‍, നെറ്റ്‌വര്‍ക്കിംഗ്, റോബോട്ടിക്‌സ് തുടങ്ങി ഇരുപതോളം കോഴ്‌സുകളിലും, ”വൈബ്രന്റ് ഐടി”യില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റാ സയന്‍സ്, ഡിസൈന്‍ തിങ്കിംഗ്, ആഗ്മെന്റഡ്-വിര്‍ച്വല്‍ റിയാലിറ്റി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സോഷ്യല്‍ മീഡിയ എത്തിക്‌സ്, പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ് എന്നിവയിലുമാണ് പരിശീലനം.

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന സി-ഡിറ്റിന്റെ അംഗീകൃത പരിശീലനകേന്ദ്രങ്ങള്‍ വഴിയാണ് കുട്ടികള്‍ക്ക് രണ്ടു മാസത്തെ പരിശീലനം നല്‍കുന്നത്.

പരിശീലനത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും ടെക്സ്റ്റ് ബുക്കും സ്‌കൂള്‍ബാഗും സൗജന്യമായി നല്‍കും. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും www.cdit.org സന്ദര്‍ശിക്കുക. മൊബൈല്‍/വാട്‌സാപ്പ് നം. 98958 89892.