കോഴിക്കോട് ജില്ലയിൽ താപനില 37°C വരെ ഉയരാം, യെല്ലോ അലേർട്ട്; ജനങ്ങൾ ജാ​ഗ്രത പാലിക്കണം


തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഉയർന്ന് തന്നെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത വെയിലിനേ തുടർന്ന് ഇന്ന് പത്ത് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയം, കൊല്ലം, തൃശ്ശൂർ, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. അതേസമയം പൊള്ളുന്ന ചൂടിന് ആശ്വാസമായി കേരളത്തിലെ വിവിധ ഇടങ്ങളിൽ വേനൽമഴ ഉണ്ടാകുന്നും കാലാവസ്ഥാ വകുപ്പ് പറഞ്ഞു.

2024 മാർച്ച് 22 മുതൽ 26 വരെ കോട്ടയം, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ,എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 22 മുതൽ 26 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ജില്ലയിൽ താപനില വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ്. ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കണം. ശുദ്ധമായ കുടിവെള്ളം ധാരാളം കുടിക്കുകയും വെള്ളത്തിന്റെ അംശം ധാരാളമുള്ള പഴവർഗങ്ങൾ കഴിക്കുകയും വേണം. വെയിലേൽക്കുന്ന ഇടങ്ങളിൽ കുടയോ തൊപ്പിയോ ധരിക്കണം. തണുപ്പുള്ളതും വായു സഞ്ചാരവുമുള്ള ഇടങ്ങളിൽ കഴിയാൻ ശ്രദ്ധിക്കണം.

ഉച്ചക്ക് 12 നും മൂന്ന് മണിക്കും ഇടയിൽ കഴിവതും വെയിലേൽക്കാതെ ശ്രദ്ധിക്കണം. തൊഴിലിടങ്ങളിൽ ശുദ്ധമായ തണുത്ത കുടിവെള്ളം ലഭ്യമാക്കുകയും ജീവനക്കാരെ വെള്ളം കുടിക്കാൻ പ്രേരിപ്പിക്കുകയും വേണം. കനത്ത ചൂടിനെ തുടർന്ന് ഏതെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ എത്രയും പെട്ടെന്ന് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ജില്ലയിലെ വരൾച്ച പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനായി ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗിന്റെ അധ്യക്ഷതയിൽ ഓൺലൈനായി യോഗം ചേർന്നു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.