‘വടകരയില്‍ റവന്യൂ ടവര്‍ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കണം’; നാളെ ആര്‍.ഡി.ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങി കോണ്‍ഗ്രസ്


വടകര: റവന്യൂ ടവറിന്റെ പണി ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വടകര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ ആര്‍.ഡി.ഒ ഓഫീസ് മാര്‍ച്ച് സംഘടിപ്പിക്കുന്നു. റവന്യൂ ഓഫീസുകള്‍ മുഴുവന്‍ ഒറ്റ കെട്ടിടത്തിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെയായിരുന്നു റവന്യൂ ടവര്‍ പ്രഖ്യാപനം ഉണ്ടായത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിക്കുകയും ഒന്നര വര്‍ഷം മുമ്പ് തറക്കല്ലിടുകയും ചെയ്‌തെങ്കിലും ഇതുവരെ നിര്‍മ്മാണം നടത്താത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തുന്നത്.

2022 ഏപ്രില്‍ മാസം നടത്തിയ പ്രവൃത്തി ഉദ്ഘാടന മാമാങ്കം നടന്നതല്ലാതെ അതിനുശേഷം ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. നിലവില്‍ ട്രഷറി ഉള്‍പ്പെടെ വിവിധ ഓഫീസുകള്‍ ലക്ഷക്കണക്കിന് രൂപ വാടക കൊടുത്ത് സ്വകാര്യ കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ കെട്ടിടങ്ങളില്‍ മുകളിലത്തെ നിലയില്‍ പ്രവൃത്തിക്കുന്ന ട്രഷറി, താലൂക്ക് ഓഫീസ് പോലുള്ള സ്ഥാപനങ്ങളില്‍ പ്രായം ചെന്നവര്‍ക്ക് കയറി എത്താന്‍ ഏറെ പ്രയാസം അനുഭവിക്കുന്ന സാഹചര്യമാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.

കൂടാതെ വാടക ഇനത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് സര്‍ക്കാറിന് ചെലവു വരുന്നതും. ഈ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുപോലും റവന്യൂ ടവര്‍ നിര്‍മ്മാണം അനിശ്ചിതമായി നീണ്ടുപോവുകയാണെന്നും ഇതില്‍ സര്‍ക്കാര്‍ ഇടപെട്ട് ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

നാളെ രാവിലെ 10 മണിക്ക് കെ മുരളീധരന്‍ എം.പി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.