കേരളത്തിലെ ആദ്യ ഡ്രോണ്‍ ലൈറ്റ് ഷോ, അഞ്ച് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ കൈറ്റ് ഫെസ്റ്റ്, കയാക്കിംഗ്; ബേപ്പൂര്‍ ഫെസ്റ്റിനായ് ഒരുങ്ങി കോഴിക്കോട്,  തുടക്കം നാളെ 


കോഴിക്കോട്: അവധിക്കാലം അടിച്ചുപൊളിക്കാന്‍ ബേപ്പൂരിലേക്ക് പോവാം. ബേപ്പൂര്‍ ഇന്റര്‍ നാഷനല്‍ വാട്ടര്‍ ഫെസ്റ്റിന് ചൊവ്വാഴ്ച്ച തുടക്കം. കേരളത്തില്‍ ആദ്യമായി ആകാശത്ത് വിസ്മയം തീര്‍ക്കുന്ന ഡ്രോണ്‍ ലൈറ്റ് ഷോ ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഒരുക്കുന്നു. കൂടാതെ ആഘര്‍ഷകമായ നിരവധി പരിപാടികളും.

ബേപ്പൂര്‍ രാജ്യാന്തര വാട്ടര്‍ ഫെസ്റ്റിന്റെ സീസണ്‍ 3 ആണ് നാളെ തുടങ്ങുന്നത്. ഡിസംബര്‍ 29 വരെ 4 ദിവസമായി നടക്കുന്ന മേളയില്‍ വാട്ടര്‍ സ്പോര്‍ട്സ് ഇനങ്ങളും ഭക്ഷ്യമേളയും മറ്റു കലാപരിപാടികളും ഉണ്ടാകും. ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് വാട്ടര്‍ ഫെസ്റ്റും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നത്. ബേപ്പൂരില്‍ ചാലിയാര്‍ തീരത്തും മറീന ബീച്ചിലും ചാലിയം, നല്ലൂര്‍, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലുമാണ് ഫെസ്റ്റ്.

സിറ്റ് ഓണ്‍ ടോപ് കയാക്കിംഗ്, വൈറ്റ് വാട്ടര്‍ കയാക്കിംഗ്, ബാംബൂ റാഫ്റ്റിംഗ് തുടങ്ങിയ സാഹസിക ഇനങ്ങള്‍ക്ക് പുറമേ നാടന്‍ തോണികളുടെ തുഴച്ചില്‍ മത്സരങ്ങള്‍, വലവീശല്‍, ചൂണ്ടയിടല്‍ എന്നിവയും വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും. അഞ്ച് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ നടക്കുന്ന കൈറ്റ് ഫെസ്റ്റ് മേളയുടെ പ്രധാന ആകര്‍ഷണമാണ്. ജല കായിക പരിപാടികള്‍ക്കൊപ്പം കലാ സംഗീത പരിപാടികളും ഉണ്ടാകും.

നാളെ രാവിലെ ഏഴു മണിക്ക് കോഴിക്കോട് ബീച്ചില്‍ നിന്ന് ബേപ്പൂര്‍ ബീച്ചിലേക്ക് നടക്കുന്ന സൈക്കിള്‍ റാലിയോടെ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന് ഔപചാരികമായ തുടക്കമാകും. വൈകിട്ട് 6.30ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ബേപ്പൂര്‍ ബീച്ചില്‍ ഉദ്ഘാടനം ചെയ്യും.

നാളെ മുതല്‍ 29 വരെ കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും കപ്പല്‍ പൊതുജനങ്ങള്‍ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.