കോഴിക്കോടിനെ അടുത്തറിയാം; വരാന്‍ പോവുന്ന അവധിക്കാലം ജില്ലയിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളിലേക്ക് യാത്രയ്ക്ക് ഒരുങ്ങാം


ഡിസംബറിന്റെ തണുപ്പില്‍ യാത്ര പോവാന്‍ നല്ല രസമാണ്. കുട്ടികള്‍ക്കാണെങ്കില്‍ വരാന്‍ പോവുന്നത് ഒരു അവധിക്കാലവും. വീട്ടില്‍ ചടഞ്ഞിരിക്കാന്‍ അവര്‍ ഒരുക്കമല്ല. എവിടേക്കെങ്കിലും ട്രിപ്പ് പോവണം. അവധി ഇല്ലാത്ത രക്ഷിതാക്കള്‍ വിഷമിക്കേണ്ട ഏറ്റവും എളുപ്പത്തില്‍ പോവാന്‍ പറ്റുന്നതും മനോഹരവുമായ കോഴിക്കോടിന്റെ വിനോദ സഞ്ചായ കേന്ദ്രങ്ങളിലേക്കാക്കാം ഇത്തവണത്തെ യാത്ര. ജില്ലയിടെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം..

പ്ലാനറ്റോറിയം

നഗരത്തോടുചേര്‍ന്ന് കുട്ടികള്‍ക്കായി അദ്ഭുതലോകമൊരുക്കി കാത്തിരിക്കുന്ന കേന്ദ്രമാണ് പ്ലാനറ്റോറിയം. കുട്ടികള്‍ക്കായി വിവിധ ശാസ്ത്രകൗതുകങ്ങള്‍ക്കൊപ്പം കളിയിലൂടെ പല അറിവുകളും നേടിയെടുക്കാനും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്.

കോഴിക്കോട് ബീച്ച്

നഗരത്തിലെത്തുന്നവര്‍ക്ക് എളുപ്പത്തില്‍ എത്തി ചേരാവുന്ന ഇടമാണ് ബീച്ച്. കടലിന്റെ സൗന്ദര്യം എത്രകണ്ടാലും മതിവരാത്ത ഒന്നാണ്. മാത്രമല്ല കുട്ടികള്‍ക്ക് എത്രകളിച്ചാലും മടുപ്പ് തോന്നാത്ത ഒരിടവുമാണ്.

മാനാഞ്ചിറ

യാത്രയിലെ ഒരു വിശ്രമ കേന്ദ്രമായി കാണാാവുന്ന സ്ഥലമാണ് മാനാഞ്ചിറ. പുല്‍ത്തകിടിയില്‍ ഓടിനടന്ന് കളിക്കുന്ന കുട്ടികളും തളര്‍ന്ന്് വിശ്രമിക്കുന്നവരും. പല ചര്‍ച്ചകള്‍ നടത്തുന്നവരും ഇവിടുത്തെ സ്ഥിരം കാഴ്ച്ചയാണ്. ശാന്തമായ ഒരു വിശ്രമ ഇടമാണെന്നും മാനാഞ്ചിറ. ഇവിടെ നിന്നും അല്പം അകലെയായി സരോവരം ബയോപാര്‍ക്കും. ഇവിടെ നിന്ന് കുറച്ചുമാറി കാരപ്പറമ്പ് വഴി ഈസ്റ്റ് ഹില്ലിലേക്കെത്തിയാല്‍ കൃഷ്ണമേനോന്‍ മ്യൂസിയം സന്ദര്‍ശിക്കാം. കുട്ടികള്‍ക്കായി ശലഭോദ്യാനം ഇവിടെ ഒരുക്കിയിട്ടുണ്ട്.

കടലുണ്ടി

പടര്‍ന്നുപന്തലിച്ച കണ്ടല്‍വനങ്ങളുടെ തണലിലൂടെ പുഴയുടെ ഭംഗി കണ്‍നിറയെക്കണ്ട്, തുരുത്തിലെ കുടിലിലിരുന്ന് ഗ്രാമീണവിഭവങ്ങള്‍ ആസ്വദിച്ച്, വിരുന്നെത്തിയ പക്ഷികളുടെ സൗന്ദര്യം നുകര്‍ന്ന് ഒരു തോണിയാത്ര. അതാണ് കടലുണ്ടിയുടെ സൗന്ദര്യം. കടലുണ്ടി പക്ഷി സങ്കേതത്തിലൂടെ ചുരുങ്ങിയ ചെലവില്‍ കുടുംബവുമൊത്ത് ഉല്ലാസയാത്ര നടത്താം. കോഴിക്കോട് നഗരത്തില്‍നിന്ന് 20 കിലോമീറ്റര്‍ ദൂരം മാത്രമാണ് ഇങ്ങോട്ടേക്കുള്ളത്. മാനാഞ്ചിറയില്‍ നിന്ന് കടലുണ്ടിയിലേക്ക് ബസ് സര്‍വീസുണ്ട്.

ബേപ്പൂര്‍

സായാഹ്നങ്ങളെ ഉല്ലസിക്കാന്‍ ബേപ്പൂരിലേക്ക് പോകാം. ഹൃദ്യമായ കാഴ്ചയൊരുക്കി തുറമുഖവും പുലിമുട്ടും കപ്പലുകളും ഉരുവും ലൈറ്റ്ഹൗസുമെല്ലാം സഞ്ചാരികളെ കാത്തിരിക്കുകയാണ്. ബേപ്പൂരും ചാലിയത്തും അഴിമുഖത്തിന് അഭിമുഖമായി പണിത പുലിമുട്ടുകളാണ് മുഖ്യ ആകര്‍ഷണം. സൂര്യോദയ-അസ്തമയ ദൃശ്യങ്ങള്‍ മറ്റൊരു ഭംഗിയാണ്. ഉരുനിര്‍മാണകേന്ദ്രവും സന്ദര്‍ശിക്കാം. കോഴിക്കോട് നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ബേപ്പൂര്‍.

മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍

ഒളവണ്ണ പഞ്ചായത്തില്‍ 45 ഏക്കറില്‍ സ്ഥിതിചെയ്യുന്ന മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയന്‍സ് കേരളത്തിന്റെ സസ്യവൈവിധ്യത്തിന്റെ നേര്‍ക്കാഴ്ചയാണ്. ജലസസ്യങ്ങളുടെ കാര്യത്തില്‍ ലോകത്തുതന്നെ മുന്നില്‍നില്‍ക്കുന്ന സസ്യോദ്യാനമാണിത്. സസ്യലോകത്തെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ ഉദ്യാനസന്ദര്‍ശനം വിദ്യാര്‍ഥികളെ സഹായിക്കും. നഗരത്തില്‍നിന്ന് എട്ടുകിലോമീറ്റര്‍ അകലെയാണ് ഒളവണ്ണ.

കാപ്പാട്

ഏറ്റവും വൃത്തിയുള്ള ബീച്ചുകള്‍ക്ക് ലഭിക്കുന്ന ബ്ലൂഫ്ലാഗ് പദവിയുടെ അംഗീകാരത്തോടെയാണ് കാപ്പാട് സഞ്ചാരികളെ വരവേല്‍ക്കുന്നത്. എട്ടുകോടി രൂപ മുടക്കിയാണ് ബീച്ച് നവീകരിച്ചിരിക്കുന്നത്. വെങ്ങളം, തിരുവങ്ങര്‍, പൂക്കാട്, പൊയില്‍ക്കാവ് എന്നിവിടങ്ങളില്‍ നിന്നൊക്കെ കാപ്പാടുതീരത്തേക്ക് എത്തിച്ചേരാം.

ഒളോപ്പാറ

അകലാപ്പുഴയുടെ തീരത്തെ സായാഹ്നം ആസ്വദിക്കാനായി ഒളോപ്പാറയിലേക്ക് വരാം. ഈയടുത്താണ് ഒളോപ്പാറ സഞ്ചാരികളുടെ ഭൂപടത്തില്‍ ഇടംപിടിച്ചത്. ആമ്പലും പായലും നിറയുന്ന ചിറകള്‍, ചെറിയവെള്ളക്കെട്ടുകള്‍, പുഴയിലൂടെ ഒഴുകുന്ന തോണികള്‍, കാഴ്ചയുടെ മറ്റൊരുലോകം ഇവിടെ തുറക്കുകയാണ്.

വടകര സാന്‍ഡ് ബാങ്ക്‌സ്

വടകരയിലെ പ്രധാനപ്പെട്ട ബീച്ച് ടൂറിസം കേന്ദ്രമാണ് സാന്‍ഡ് ബാങ്ക്. ഇതിനോട് ചേര്‍ന്ന് കുട്ടികളുടെ പാര്‍ക്കും ഒരുക്കിയിട്ടുണ്ട്. പുഴയും കടലും ചേരുന്ന അഴിത്തല അഴിമുഖം ഇവിടെനിന്ന് കാണാം. ഒരുഭാഗത്ത് പുഴയോരഭംഗിയും മറുഭാഗത്ത് കടലിന്റെ സൗന്ദര്യവും ഇവിടുത്തെ പ്രത്യേകതയാണ്.

ഇരിങ്ങല്‍ സര്‍ഗാലയ

ഇരുപതേക്കറില്‍ പരന്നുകിടക്കുന്ന കരവിരുതിന്റെ ആസ്ഥാനമാണ് ഇരിങ്ങല്‍ സര്‍ഗാലയ കരകൗശലഗ്രാമം. 27 കുടിലുകളിലായി 63 പവിലിയനുകള്‍ പ്രവര്‍ത്തിക്കുന്നു. ഇവ കാണാനും വാങ്ങാനും കഴിയുന്നതോടൊപ്പം നിര്‍മാണവും നേരില്‍ മനസ്സിലാക്കാം. ദേശീയപാതയ്ക്ക് സമീപമാണ് ഇരിങ്ങല്‍ സര്‍ഗാലയ. രാവിലെ ഒമ്പതുമുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും. തിങ്കളാഴ്ച അവധിയാണ്.

പയംകുറ്റിമല

ഉദയവും അസ്തമയും വീക്ഷിക്കാന്‍ കഴിയുന്ന സ്ഥലം. അസ്തമയക്കാഴ്ച ഏറെ മനോഹരം. ഇവിടെനിന്ന് വടകര ടൗണും പരിസരവും കടലും കടലിലെ വെളളിയാങ്കല്ലുമെല്ലാം കാണാന്‍കഴിയും. ഈയിടെ നവീകരണം പൂര്‍ത്തിയായശേഷം അതിമനോഹരമായ കാഴ്ചയുടെ കേന്ദ്രം. മുത്തപ്പന്‍ ക്ഷേത്രത്തിലും ഒട്ടേറെപ്പേരെത്തുന്നുണ്ട്. കാഴ്ചകള്‍ കാണാന്‍ വാച്ച്ടവറുണ്ട്.

പെരുവണ്ണാമൂഴി ഡാം

വിനോദ സഞ്ചാരികളുടെ ഏറെ പ്രയ്യപ്പെട്ട് മറ്റൊരു കേന്ദ്രമാണ് പെരുവണ്ണാമൂഴി ഡാം. പെരുവണ്ണാമൂഴി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെസസ് റിസര്‍ച്ചിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. കുറ്റ്യാടി റൂട്ടില്‍ കടിയങ്ങാട് നിന്ന് എട്ടുകിലോമീറ്ററോളം സഞ്ചരിച്ചാല്‍ പെരുവണ്ണാമൂഴിയിലേക്കെത്താം.

കക്കയം

വനത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണ് കക്കയം വിനോദസഞ്ചാരകേന്ദ്രം. കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങള്‍ കണ്ട് വനത്തിലൂടെ ചെങ്കുത്തായ പാതയിലൂടെയുള്ള യാത്ര ഏതൊരാളുടെയും മനം കുളിര്‍പ്പിക്കും. മലബാര്‍ വന്യ ജീവിസങ്കേതത്തില്‍ ഉള്‍പ്പെട്ട കക്കയം വനം അപൂര്‍വ ജൈവവൈവിധ്യങ്ങളാല്‍ സമ്പുഷ്ടമാണ്. കക്കയത്തെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമാണ് ഉരക്കുഴി വെള്ളച്ചാട്ടം. ഡാംസൈറ്റില്‍നിന്ന് വനമേഖലയിലൂടെ അല്ല ദൂരം സഞ്ചരിച്ചാല്‍ ഇവിടെയെത്താം. കുറ്റ്യാടി ഹൈഡ്രോ ഇലക്ട്രിക് പദ്ധതിക്കായി നിര്‍മിച്ച – ഡാമാണ് കക്കയത്തത്. ഇവിടെ ഹൈഡല്‍ ടൂറിസം സെന്റര്‍ ഒരുക്കിയിട്ടുണ്ട്. ബാലുശ്ശേരി-തലയാട് വഴിയും പേരാമ്പ്ര-കൂരാച്ചുണ്ട് വഴിയും ഇവിടെ എത്തിച്ചേരാവുന്നതാണ്.

തോണിക്കടവ്

മൂന്നുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട മനോഹരമായ പ്രദേശത്ത് ദൃശ്യവിരുന്നൊരുക്കുകയാണ് തോണിക്കടവ്. കൂരാച്ചുണ്ട് പഞ്ചായത്തിലെ കല്ലാനോടിനും കരിയാത്തുംപാറയ്ക്കും ഇടയിലുള്ള സ്ഥലത്താണ് തോണിക്കടവ് ടൂറിസം പദ്ധതി. കുന്നിന്‍മുകളില്‍ സഞ്ചാരികള്‍ക്കായി വാച്ച് ടവറും ഒരുക്കിയിട്ടുണ്ട്. കൂരാച്ചുണ്ടില്‍നിന്ന് കക്കയത്തേക്കുള്ള വഴിയില്‍ രണ്ടുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തോണിക്കടവിലെത്താം.

വയലട

കോഴിക്കോടിന്റെ ഗവി എന്നറിയപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രമാണ് വയലട. പനങ്ങാട് പഞ്ചായത്തിലെ മലയോരമേഖലയില്‍ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ സ്ഥലങ്ങളാണ് വയലടയും അതിനോടുചേര്‍ന്നുള്ള ചുരത്തോടുമലയും. ഇരുമലകളുടെയും മുകളിലെത്തിക്കഴിഞ്ഞാല്‍ സമശീതോഷ്ണകാലാവസ്ഥയാണ്. വയലട മലമുകളിലെ മുള്ളന്‍പാറയാണ് ഏറെ ആകര്‍ഷണീയം. ഇവിടെനിന്ന് നോക്കിയാല്‍ പെരുവണ്ണാമൂഴി ഡാംസൈറ്റും റിസര്‍വോയറും കാണാം. തലയാട് അങ്ങാടിയില്‍നിന്ന് നാലുകിലോമീറ്റര്‍ അകലെയുള്ള ചുരത്തോട് മലയിലും ധാരാളം സഞ്ചാരികളെത്താറുണ്ട്.

തുഷാരഗിരി

കാടിന്റെ വന്യതയും കാട്ടുചോലകളുടെ കുളിര്‍മയും തൊട്ടറിയാന്‍ തുഷാരഗിരിയിലേക്ക് പോകാം. പാറക്കെട്ടുകളില്‍നിന്നുള്ള വെള്ളച്ചാട്ടങ്ങളും നിബിഡവനത്തിലൂടെ കാട്ടുപാതകള്‍ താണ്ടിയുള്ള നടത്തവും ആരെയും ത്രസിപ്പിക്കും. ഇടതൂര്‍ന്ന് മരങ്ങളും കാട്ടുവള്ളികളും അതിലെ മൂന്നു വെള്ളച്ചാട്ടങ്ങളുമാണ് തുഷാരഗിരിയുടെ പ്രധാനആകര്‍ഷണം. മൂന്നു വെള്ളച്ചാട്ടങ്ങളിലേക്കും പ്രവേശനമുണ്ട്.