കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ ഇനി എങ്ങും പ്രകാശം നിറയും: എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് 53 സ്ഥലങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും


കുറ്റ്യാടി: കുറ്റ്യാടി നിയോജകമണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലെ 53 സ്ഥലങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി ഭരണാനുമതി ലഭിച്ചതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റര്‍ എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 80 ലക്ഷം രൂപയുടെ പ്രവര്‍ത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്.

പൊതുസ്ഥലങ്ങളില്‍ ജനങ്ങളുടെ സുരക്ഷിതത്വത്തിന് മിനിമിലിസ്റ്റ് ലൈറ്റുകള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ജനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായുള്ള നടപടികളിലേക്ക് നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ 53 സ്ഥലങ്ങളിലും പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ എസ്റ്റിമേറ്റിനാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്.

പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗം വഴി ടെന്‍ഡര്‍ നടപടികളിലൂടെ പ്രവൃത്തി നടപ്പിലാക്കും. ആയഞ്ചേരി ഗ്രാമപഞ്ചായത്തില്‍ കല്ലേരിപ്പാലം, പൊയില്‍പ്പാറ, കെവി പീടിക, കടമേരി തെരു- പഞ്ചായത്ത് ഓഫീസ്, അറപ്പീടിക, ചേറ്റുകെട്ടി എന്നീ സ്ഥലങ്ങളിലും, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ ചിറമുക്ക്, പൈങ്ങോട്ടായി – അഞ്ചുമുറി, തിരുവള്ളൂര്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍, മെക്കോത്ത് അമ്പലമുക്ക്, വള്ള്യാട് പള്ളി പരിസരം, മീങ്കണ്ടി ബസ് സ്റ്റോപ്പിന് സമീപം, മംഗലാട് വള്ളിയാട് റോഡ് എന്നീ സ്ഥലങ്ങളിലും, വേളം ഗ്രാമപഞ്ചായത്തിലെ പള്ളിയത്ത് ചുങ്കം, ചന്തമുക്ക് ഓഫീസ് പരിസരം, പൂമുഖം -ഭജനമഠം, മണിമല പരിസരം, കൂളിക്കുന്നു വായനശാല പരിസരം, കേളോത്ത് മുക്ക് എന്നീ സ്ഥലങ്ങളിലും ലൈറ്റുകള്‍ സ്ഥാപിക്കും.

കൂടാതെ പുറമേരി ഗ്രാമപഞ്ചായത്തിലെ 6 ആം വാര്‍ഡിലെ സിറ്റിപ്പാലം, പുറമേരി ടൗണില്‍ പുതിയ പോസ്റ്റ് ഓഫീസ് പരിസരം, പുറമേരി ടൗണില്‍ തണ്ണീര്‍പന്തല്‍ ഭാഗത്ത് (വെള്ളൂര്‍ റോഡ്), പുതിയെടുത്ത് താഴെ, മത്തത്ത് മുക്ക് പെരുമുണ്ടച്ചേരി, അരൂര്‍ മലമ്മല്‍ താഴെ, തൈക്കണ്ടി മുക്ക് -മലയാടപ്പൊയില്‍ എന്നീ സ്ഥലങ്ങളിലും, മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ അട്ടക്കുണ്ട് പാലം ജംഗ്ഷന്‍, വെട്ടില്‍ പീടിക, പാലയാട് എസ് സി കോളനി, നടു വയല്‍, പുന്നോളി മുക്ക്, ചങ്ങരോത്ത് താഴെ ഭാഗം, എം.എച്ച.ഇ.എസ് കോളേജ് ജംഗ്ഷന്‍ പിലാത്തോട്ടം, നവോദയ ജംക്ഷന്‍ എന്നീ സ്ഥലങ്ങളിലും, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ കക്കട്ട് കൈവേലി റോഡ് ജംക്ഷന്‍, കൈവേലി റോഡ് പനയന്റെ മുക്ക് ജംക്ഷന്‍, മലയില്‍ പീടിക ജംങ്ഷന്‍, മൊകേരി കായക്കൊടി ജംങ്ഷന്‍, മുറുവശ്ശേരി മുക്ക്, മൊകേരി കോളേജ് മുന്‍വശം എന്നീ സ്ഥലങ്ങളിലും മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും.

വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ ചേരിപ്പോയില്‍, കൂട്ടങ്ങാരം,ചല്ലിവയല്‍ – കാവില്‍ റോഡ് ,കുട്ടോത്ത് -കാവില്‍ റോഡ്, കീഴല്‍മുക്ക്, കൊളത്തൂര്‍ ചന്ദ്രിക വായനശാലയ്ക്കു സമീപം എന്നീ സ്ഥലങ്ങളിലും, കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ പുതിയ സ്റ്റാന്‍ഡ് പരിസരം, ഒരിയോട്ടു ബസ് സ്റ്റോപ്പ്, വളയന്നൂര്‍, കുളമുള്ളതില്‍ പീടിക, കക്കട്ടില്‍ പീടിക, പൊയില്‍ മുക്ക്, വട്ടക്കണ്ടി പാറ എന്നീ സ്ഥലങ്ങളിലുമാണ് ലൈറ്റ് സ്ഥാപിക്കുമെന്നും അറിയിച്ചു.