നഗരത്തിലെത്തുന്നവര്‍ക്ക് സമയം ചെലവിടാനും വിശ്രമിക്കാനുമായൊരിടം; വടകരയിലെ ചരിത്ര പ്രസിദ്ധമായ ജൂബിലി കുളം പുതുമോടിയിലേക്ക്, നവീകരണ പ്രവൃത്തിക്ക് നാളെ തുടക്കം


വടകര: വടകര നഗരത്തിലെ ചരിത്ര പ്രസിദ്ധമായ ജൂബിലി കുളം നവീകരിക്കുന്നു. നഗരസഭ 63 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുന്ന കുളത്തിന്റെ പ്രവൃത്തി ഉദ്ഘാടനം തിങ്കളാഴ്ച്ച വൈകുന്നേരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു നിര്‍വഹിക്കും. യു.എല്‍.സി.സി.എസ്. ആണ് നവീകരണ പ്രവൃത്തി ഏറ്റെടുത്തത്. നാലുമാസംകൊണ്ട് പണികള്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതിയിടുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

നഗരത്തിലെത്തുന്നവര്‍ക്ക് സമയം ചെലവിടാനും വിശ്രമിക്കാനും വ്യായാമത്തിനും കുളത്തിന്റെ പരിസരം ഉപയോഗപ്പെടുത്താവുന്ന വിധത്തിലാണ് നവീകരണം. ചെളി നീക്കി, നശിച്ചുപോയ കല്‍പ്പടവുകള്‍ മുഴുവന്‍ മാറ്റി അടിഭാഗത്ത് കരിങ്കല്‍ ബെല്‍റ്റ് ഇട്ടതിനുശേഷം മുഴുവനായും ചെങ്കല്ലുകള്‍ ഉപയോഗപ്പെടുത്തി പടവുകള്‍ ഉണ്ടാക്കുകയാണ് ആദ്യം ചെയ്യുക. അതിനുചുറ്റും കല്ലുകള്‍ പതിച്ച നടപ്പാത, ഗ്രാനൈറ്റ് സീറ്റിങ്, ലാന്‍ഡ് സ്‌കേപ്പിങ്, ചെറിയ മരങ്ങള്‍, ചെടികള്‍, പുല്‍ത്തകിടി, പ്രവേശന കവാടം, ഗാര്‍ഡന്‍ ലൈറ്റ്‌സ്, ഗ്രീന്‍ ടെക്‌നോളജി സെന്റര്‍ വരെയുള്ള വഴിയില്‍ വശങ്ങളിലെ നടപ്പാതകളില്‍ ഇന്റര്‍ലോക്ക് പതിച്ച് വിളക്കുകാലുകള്‍ സ്ഥാപിച്ച് മോടി പിടിപ്പിക്കല്‍ എന്നിവ പൂര്‍ത്തിയാക്കും. ഭിന്നശേഷി, കാഴ്ചപരിമിതര്‍ എന്നിവരെക്കൂടി പരിഗണിച്ച് റാമ്പ്, ടാക് ടൈല്‍ പാവിങ് എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജൂബിലി കുളത്തിന്റെ നവീകരണത്തിനായി നേരത്തെയും ഒട്ടേറെ സാധ്യതകള്‍ പരിശോധിച്ചിട്ടുണ്ടെങ്കിലും ഫണ്ടിന്റെ അഭാവത്താല്‍ പലതവണയായി മാറ്റിനിര്‍ത്തേണ്ട അവസ്ഥയായിരുന്നു. കുളത്തിലെ വെള്ളം ശുദ്ധമാണ് എന്ന് പരിശോധനയില്‍ തെളിഞ്ഞതാണ്. നേരത്തേ കുളം പലതവണ നവീകരിച്ചിരുന്നു. എന്നാല്‍, അപ്പോഴൊന്നും വെള്ളം ഉപയോഗിക്കാനുള്ള സാധ്യത ഉപയോഗപ്പെടുത്തിയിരുന്നില്ല.

നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കിയതിനുശേഷം വെള്ളം പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമം നടത്തുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. ഇതോടൊപ്പം പൊതുകിണറുകള്‍ ഉള്‍പ്പെടെ നവീകരിക്കുന്ന പ്രവൃത്തികളും നടത്തും.