മടപ്പള്ളിക്കാര്‍ ആരോഗ്യത്തോടെയിരിക്കട്ടെ,ഇതാ ഒരു ഹെല്‍ത്തി സ്പര്‍ശം: സ്പർശം റെസിഡൻസ് അസോസിയേഷൻ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


മടപ്പള്ളി: പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് ആശ്വാസമെന്നോണം വിവിധ രോഗ നിർണ്ണയത്തിനും, പിന്നീടുള്ള വിദഗ്ദ ചികിൽസയ്ക്കുമായി സ്പർശം റെസിഡൻസ് അസോസിയേഷൻ നടത്തിയ സമ്പൂർണ്ണ സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.

മലബാർ മെഡിക്കൽ കോളേജ് ഉള്ളിയേരിയുടെയും,ആഞ്ജനേയ ഡെന്റൽ കോളേജിന്റെയും സഹകരണത്തോടെ ജനറൽ മെഡിസിൻ,ഇഎൻടി,ദന്തരോഗം, നേത്രരോഗം എന്നീ വിഭാഗങ്ങളിലായി വിദഗ്ദ്ധ ഡോക്ടർമാർ ഉൾപ്പെടെ 15 പേരടങ്ങുന്ന സംഘമാണ് ക്യാമ്പുമായി സഹകരിച്ചത്.

സൗജന്യ നിരക്കിൽ വിവിധ ലാബ് ടെസ്റ്റുകളും പിന്നീട് ചികിൽസ തേടുന്നവർക്ക് ലഭിച്ചു.
ഇതോടനുബന്ധിച്ച് സൗജന്യ മരുന്നു വിതരണവും നടന്നു.

ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു.എം സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്യാമ്പ് ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജിത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കായിക മേളയിൽ സ്വർണ്ണ മെഡൽ നേടിയ എസ്. ശ്രുതി, ആരോഗ്യ പ്രവർത്തകൻ സുനിൽ മുതുവന എന്നിവരെ ആദരിച്ചു. വാർഡ് മെമ്പർ പി.എം. രമ്യ,കെ. ഹാരിസ്,കെ.എം ഹരീന്ദ്രൻ,പി.എം.ശ്രിജിൽ എന്നിവർ സംസാരിച്ചു.