വീട്ടിലെ വോട്ടില്‍ വീണ്ടും കള്ളവോട്ട്; കണ്ണൂരില്‍ കള്ളവോട്ട് നടന്നതായി ആരോപണം, പരാതിയുമായി എല്‍.ഡി.എഫ്


കണ്ണൂര്‍: കണ്ണൂരില്‍ ആള്‍മാറാട്ടം നടത്തി കള്ളവോട്ട് ചെയ്തതായി എല്‍ഡിഎഫിന്റെ പരാതി. എഴുപതാം നമ്പര്‍ ബൂത്തിലാണ് പരാതിക്കിടയായ സംഭവം. 85 വയസിന് മുകളിലുള്ള അവശരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് വീട്ടില്‍ വെച്ച് വോട്ട് ചെയ്യാന്‍ ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ കള്ളവോട്ട് ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്.

ബൂത്തിലെ 1420-ാം നമ്പര്‍ പേരുകാരിയായ 86 വയസുള്ള കെ.കമലാക്ഷിയുടെ വോട്ട് ഇതേ ബൂത്തിലെ 1148-ാം നമ്പര്‍ വോട്ടറായ വി കമലാക്ഷി ചെയ്തുവെന്നാണ് പരാതി. കോണ്‍ഗ്രസ് അനുഭാവിയായ ബൂത്ത് ലെവല്‍ ഓഫീസര്‍ കള്ളവോട്ടിന് കൂട്ടുനിന്നെന്നും പരാതിയില്‍ പറയുന്നു.

യുഡിഎഫ് അനുഭാവികളായ ബിഎല്‍ഒമാരെ ഉപയോഗപ്പെടുത്തി ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള കുത്സിത മാര്‍ഗത്തിലൂടെ കള്ളവോട്ട് ചെയ്യാനുള്ള യുഡിഎഫ് നീക്കം തെരഞ്ഞെടുപ്പ് അട്ടിമറിയാണെന്നും എല്‍ഡിഎപ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.