പട്ടാമ്പി നേര്‍ച്ച കാണാനെത്തിയ സുഹൃത്തുക്കളുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു; കോഴിക്കോട് സ്വദേശിയായ യുവാവ് റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍


കോഴിക്കോട്: പട്ടാമ്പി നേര്‍ച്ചക്കിടെ സുഹൃത്തുക്കളായ മൂന്ന് പേരുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന പ്രതി പിടിയില്‍. കോഴിക്കോട് നടക്കാവ് പരിന്റപുരക്കല്‍ വീട്ടില്‍ ഷാഹുല്‍ (28) ആണ് തൃത്താല പോലീസിന്റെ പിടിയിലായത്.

നേര്‍ച്ച കാണാനെത്തിയ സുഹൃത്തുക്കളായ മൂന്ന് പേര്‍ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ഇരുചക്ര വാഹനത്തിനകത്ത് സൂക്ഷിച്ചുവെക്കുകയായിരുന്നു. മൂവരും വാഹനത്തിനകത്ത് മൊബൈല്‍ ഫോണ്‍ വെക്കുന്നത് മോഷ്ടാവ് കാണുകയും പിന്നീട് ഇയാള്‍ ഫോണുകള്‍ കവര്‍ന്നെടുത്ത് സ്ഥലം വിടുകയുമായിരുന്നു.

ഉടമകളുടെ പരാതിയില്‍ തൃത്താല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബര്‍ സെല്‍ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതിയെ പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടെന്ന് കണ്ടെത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

ഇയാളില്‍ നിന്നും മോഷ്ടിച്ചെടുത്ത മൂന്ന് ഫോണുകളും പോലീസ് കണ്ടെടുത്തു. പ്രതി ഷാഹുല്‍ മറ്റ് മോഷണ കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് പറഞ്ഞു.