കൊയിലാണ്ടിയില്‍ വന്‍ ചാരായ വേട്ട; ചേലിയയില്‍ നിന്നും ചാരായം നിറച്ച എട്ട് കന്നാസുകള്‍ പിടികൂടി കൊയിലാണ്ടി പോലീസ്


കൊയിലാണ്ടി: ചേലിയയില്‍ വന്‍ ചാരായ വേട്ട. കൊയിലാണ്ടി പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ ചാരായം നിറച്ച 20 ലിറ്ററിന്റെ എട്ട് കന്നാസുകളാണ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് ചാരായം കണ്ടെത്തിയത്.

റെയ്ഡിനായി എത്തുന്ന വിവരം അറിഞ്ഞ് നിരവധി കന്നാസുകള്‍ പുഴയിലെക്ക് മറിച്ചതായി പോലീസ് പറഞ്ഞു. എസ്.ഐ ജിതേഷ്, എസ്.സി.പി. ഒ.വി.എം ഗംഗേഷ്, എസ്.സി.പി.ഒ എം.വി.ദിലീപ്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വിഷു ആഘോഷത്തിന്റെ ഭാഗമായി റെയ്ഡ് ശക്തമാക്കുമെന്ന് സി.ഐ.മെല്‍വിന്‍ ജോസ് പറഞ്ഞു.

കൂടാതെ ബ്രൗണ്‍ഷുഗര്‍, എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയ മാരകമായ ലഹരി വസ്തുക്കള്‍ റെയ്ഡ്ഡ് നടത്തി പിടികൂടുവാന്‍ പ്രത്യേക സംഘത്തിനെ നിയോഗിച്ചതായി പോലീസ് പറഞ്ഞു. കൊയിലാണ്ടി സ്റ്റേഡിയത്തില്‍ യുവാവ് മരിച്ച സംഭവത്തിന്റെ ഭാഗമായാണ് റെയ്ഡ് നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്. വരും ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കാനാണ് പോലീസ് നീക്കം.

Summary: Koyilandy police seized eight cans full of charayam from Cheliya