വാസ്‌കോയില്‍ ആറാടി മഞ്ഞപ്പട; ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ എട്ടാം സീസണിന്റെ ഫൈനലില്‍ കടന്ന് കേരള ബ്ലാസ്റ്റേഴ്‌സ് (വീഡിയോ കാണാം)


മഡ്ഗാവ്: ഐ.എസ്.എല്ലിന്റെ സീസണ്‍ എട്ടിന്റെ ഫൈനലില്‍ പ്രവേശിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. ജംഷഡ്പുരിനെതിരേ ഗോവയിലെ വാസ്‌കോയില്‍ നടന്ന രണ്ടാം പാദ സെമി ഫൈനല്‍ മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ പ്രവേശിച്ചത്. 1-1 എന്ന സ്‌കോറിനായിരുന്നു മത്സരം അവസാനിച്ചത്.

ആദ്യ പാദത്തില്‍ ഒരു ഗോളിന്റെ ജയം കാരണം 2-1 എന്ന അഗ്രഗേറ്റിനായിരുന്നു ബ്ലാസ്റ്റേഴ്സ് ജയം സ്വന്തമാക്കി സ്വപ്ന ഫൈനലിലേക്ക് ജൈത്രയാത്ര നടത്തിയത്. 18ാം മിനുട്ടില്‍ അഡ്രിയാന്‍ ലൂണയുടെ മാന്ത്രിക ഗോളില്‍ കേരളാ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. ഇരുപാദങ്ങളിലുമായി ബ്ലാസ്റ്റേഴ്സിന്റെ ലീഡ് അതോടെ രണ്ടായി.

ലീഡ് കൂട്ടാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങള്‍ക്കിടെ 50ാം മിനുട്ടില്‍ പ്രണോയ് ഹാള്‍ഡറിലൂടെ ജംഷഡ്പുര്‍ സമനില നേടി. ആദ്യം ബ്ലാസ്റ്റേഴ്സ് പതറിയെങ്കിലും പിന്നീട് ശക്തമായ നിലയുറപ്പിച്ചു. മത്സരം അവസാനത്തിലേക്ക് അടുത്തപ്പോള്‍ മികച്ച നീക്കങ്ങളുമായി ജംഷഡ്പുര്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്ത് ഭീതി പരത്തിക്കൊണ്ടിരുന്നു. എന്നാല്‍ എല്ലാം ശക്തമായി പിടിച്ച് നിന്ന്, ജംഷഡ്പൂര്‍ ആക്രമണങ്ങളെ പിടിച്ച് നിറുത്താന്‍ കൊമ്പന്മാര്‍ക്കായി. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സിന്റെയും രണ്ടാം പകുതിയില്‍ ജംഷഡ്പുരിന്റെയും ഓരോ ഗോള്‍ ഓഫ് സൈഡ് കാരണം നഷ്ടപ്പെട്ടു.

ആദ്യ പാദത്തില്‍ ഗോള്‍ നേടിയ സഹല്‍ അബ്ദുല്‍ സമദും ഗില്‍ഷന്‍ ചെഞ്ചോയും ഇല്ലാതെയായിരുന്നു ബ്ലാസ്റ്റേഴ്സ് മത്സരം ഇറങ്ങിയത്. എന്നാലും ജംഷഡ്പുരിനെ പിടിച്ചുകെട്ടി ഫൈനലിലേക്ക് മുന്നേറാന്‍ കൊമ്പന്മാര്‍ക്ക് കഴിഞ്ഞു. ഇനി എ.ടി.കെ-ഹൈദരാബാദ് എഫ്.സി മത്സരത്തിലെ വിജയയിലെ ആയിരിക്കും ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ നേരിടുക. മാര്‍ച്ച് 20ന് ഞായറാഴ്ചയാണ് കിരീടപ്പോരാട്ടം നടക്കുക.

വീഡിയോ കാണാം: