മയോണൈസ് നിര്‍മാണത്തിന് പച്ചമുട്ട ഉപയോഗിക്കുന്നത് ഭക്ഷ്യവിഷബാധക്ക് കാരണമാകുന്നു, ഇവയില്‍ സാല്‍മോണെല്ല പോലുളള ബാക്ടീരിയകള്‍ കാണപ്പെടാം; ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വിഭാഗം


കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ എല്ലാവരും ഇന്ന് ഫാസ്റ്റ് ഫുഡുകള്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോഴും ഉണ്ടാക്കുമ്പോഴും ഇവയുടെ സുരക്ഷിതത്വം ഉറപ്പാക്കിയില്ലെങ്കില്‍ അത് ഭക്ഷ്യ വിഷബാധയ്ക്കുവരെ കാരണമായേക്കാം.

ഫാസ്റ്റ് ഫുഡിനോടൊപ്പം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മയോണൈസ് പച്ചമുട്ട ഉപയോഗിച്ചുണ്ടാക്കുന്ന ഇവയില്‍ ഭക്ഷ്യവിഷബാധക്ക് കാരണമാകുന്ന സാല്‍മോണെല്ല പോലുളള ബാക്ടീരിയകള്‍ കാണപ്പെടാം എന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പറയുന്നത്. അതുകൊണ്ട് തന്നെ മുട്ടകള്‍ പാസ്ചുറൈസ് ചെയ്ത ശേഷം മാത്രം മയോണൈസ് നിര്‍മ്മാണത്തിന് ഉപയോഗിക്കാനാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നിര്‍ദ്ദേശിക്കുന്നത്.

മുട്ടകള്‍ പാസ്ചുറൈസ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. മുട്ടകള്‍ക്കു കേടുപാടുകള്‍ ഉണ്ടോ അവ പൊട്ടിയിട്ടുണ്ടോ എന്നെല്ലാമാണ് ആദ്യം പരിശോധിക്കേണ്ടത്. അത്തരം മുട്ടകള്‍ ഒഴിവാക്കുക.

2. പാസ്ച്ചറൈസേഷനായി വൃത്തിയുള്ളതും കേടുവരാത്തതുമായ മുട്ടകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.

3. സോസ് പാനിലോ കെറ്റിലിലോ ഫില്‍ട്ടര്‍ ചെയ്ത വെള്ളം ഒഴിച്ച് 60ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 62 വരെ ചൂടാക്കുക.

4. പുറംതോട് കഴുകിയ മുട്ടകള്‍ 3-35 മിനുട്ട് ഈ വെള്ളത്തില്‍ മുക്കി വെക്കുക. മുടട്കള്‍ പുറത്തെടുത്ത് വൃത്തിയുള്ള തുണി കൊണ്ട് തുടയ്ക്കുക.

5. മുട്ടയുടെ തോട് പൊട്ടിച്ച് ഒരു തെളിഞ്ഞ ഗ്ലാസിലേക്ക് ഒഴിച്ച് മഞ്ഞക്കരുവിന് കേടുപാടുകള്‍, രക്തക്കറ എന്നിവ ഉണ്ടോയെന്ന് പ്രത്യേകം പരിശോധിക്കുക.

6. കേടുപാടുകള്‍ ഇല്ലായെന്ന് ഉറപ്പാക്കിയ ശേഷം മുട്ട ഒരു മിക്സര്‍ ജാറിലേ്ക്ക് ഒഴിച്ച് ആവശ്യമായ ചേരുവകള്‍ ചേര്‍ക്കാവുന്നതാണ്.

7. ഇങ്ങനെ തയ്യാറാക്കുന്ന മയോണൈസ് 45 മിനുട്ട് മാത്രം ഉപയോഗിക്കുക

8. മിച്ചം വരുന്നത് ഒഴിവാക്കി പുതിയ മയോണൈസ് നിര്‍മ്മിക്കുക.

വീഡിയോ കാണാം