കരുതല്‍തടങ്കലിന് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി പരാതിക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസ്; തൊട്ടില്‍പ്പാലം മുന്‍ എസ്.ഐക്ക് കഠിനതടവും പിഴയും ശിക്ഷ


തൊട്ടില്‍പ്പാലം: കൈക്കൂലിവാങ്ങിയെന്ന കേസില്‍ തൊട്ടില്‍പ്പാലം സ്റ്റേഷനിലെ മുന്‍ എസ്.ഐക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തൊട്ടില്‍പ്പാലം സ്റ്റേഷന്‍ എസ്.ഐയായിരുന്ന പി സോമനെയാണ് കോഴിക്കോട് വിജിലന്‍സ് കോടതി ഒരുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്. 50,000 രൂപ പിഴയും ഒടുക്കണം.

2013 സെപ്റ്റംബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരന്റെപേരില്‍ കരുതല്‍തടങ്കലിന് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അത് ഒഴിവാക്കാന്‍ 20,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് ഇടനിലക്കാരന്‍ മുഖേന രണ്ടുതവണയായി 10,000 രൂപവീതം എസ്.ഐക്ക് കൈക്കൂലി നല്‍കി. അതിനിടെ അന്നത്തെ കോഴിക്കോട് വിജിലന്‍സ് യൂണിറ്റ് ഡിവൈ.എസ്.പി. പ്രേംദാസ് എസ്.ഐയെ പിടികൂടി.

വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന സജീഷ്, ഷൈജു, വഹാബ് എന്നിവരായിരുന്നു അന്വേഷണസംഘത്തിലുണ്ടായിരുന്നത്. വിജിലന്‍സ് ഡിവൈ.എസ്.പി. ജോസി ചെറിയാന്‍ കുറ്റപത്രം നല്‍കി. പ്രോസിക്യൂഷനുവേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ വി.കെ ശൈലജന്‍ ഹാജരായി.