അനധികൃത കോഴി വിലവർദ്ധന; അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരത്തിലേക്കെന്ന് വ്യാപാരികൾ


കോഴിക്കോട്: കുത്തക ഫാം ഉടമകളും ഇടനിലക്കാരും അനധികൃതമായി കോഴിവില വർദ്ധിപ്പിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച്‌ ചിക്കൻ വ്യാപാരികള്‍ സമരത്തിലേക്ക്. ഈ മാസം 23 മുതല്‍ അനിശ്ചിത കാലത്തേക്ക് കോഴിക്കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അനക്കമില്ല. റംസാൻ, ഈസ്റ്റർ, വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച കോഴി മാഫിയ വില വർദ്ധിപ്പിക്കല്‍ തുടരുകയാണെന്ന് വ്യാപാരികൾ പറയുന്നു. ഇന്ന് ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കണ്‍വെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുല്‍ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.