ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ചുള്ള അനുസ്‌മരണ പരിപാടികൾ മാർച്ച് 15 മുതൽ


കൊയിലാണ്ടി: പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ, ആദര പരിപാടികൾ മാർച്ച് 15 മുതൽ ഏപ്രിൽ 2 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. അമ്പതോളം കേന്ദ്രങ്ങളിൽ ഈ കാലയളവിൽ ആദര സദസ്സ്‌ സംഘടിപ്പിക്കും. വാർഷിക പരിപാടിയുടെ ഭാഗമായുള്ള ലോഗോ പ്രകാശനംചെയ്തു.

ചേലിയ കഥകളി ഗുരുവിന്റെ പ്രതിമാ അനാച്ഛാദനം, കലാപരിശീലനം, വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്, കഥകളി രംഗത്തെ യുവ വാഗ്ദാനങ്ങൾക്ക് ഗുരു ചേമഞ്ചേരി അവാർഡ് തുടങ്ങിയ പരിപാടികൾ ഗുരുവിന്റെ ഓർമ നിലനിർത്തുന്നതിനായി വിഭാവനംചെയ്‌തിട്ടുണ്ട്.

‘ഓർമ 2022’ പരിപാടിയുടെ ലോഗോ പ്രകാശനം ചെങ്ങോട്ട്കാവ് പഞ്ചായത്ത് ഹാളിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി.ബാബുരാജ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ മലയിൽ ഏറ്റുവാങ്ങി.

പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ ചിത്രകലാ അധ്യാപകൻ സുരേഷ് ഉണ്ണിയാണ് ലോഗോ ഡിസൈൻ ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.ടി.എം.കോയ, യു.കെ.രാഘവൻ, എൻ.വി.സദാനന്ദൻ, സുരേഷ് ഉണ്ണി എന്നിവർ പങ്കെടുത്തു.